Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജപ്പാനിൽ ഇന്ത്യൻ...

ജപ്പാനിൽ ഇന്ത്യൻ മാമ്പഴങ്ങൾക്ക് വിലക്ക്!

text_fields
bookmark_border
mango
cancel

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള മാമ്പഴ ഇറക്കുമതി നിരോധിച്ച് ജപ്പാൻ. മാമ്പഴ കയറ്റുമതിയുടെ ഏറ്റവും തിരക്കേറിയ ഏപ്രിൽ-ജൂൺ സീസണിലാണ് മാമ്പഴ കയറ്റുമതി മേഖലക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഈ അപ്രതീക്ഷിത വിലക്ക് ജപ്പാൻ ഏർപ്പെടുത്തിയത്. .

മാമ്പഴങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും കീടങ്ങളെ അകറ്റുന്നതിനും ഇന്ത്യയിലെ പ്ലാന്റുകളിലെ സുരക്ഷാ പ്രക്രിയകളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് ജപ്പാന്റെ ഈ കർശന നടപടി. മാമ്പഴ കയറ്റുമതി സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മാർച്ചിൽ ജപ്പാനിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉത്തർപ്രദേശിലെ റഹ്മാൻപൂർ ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ നേരിട്ട് പരിശോധന നടത്തിയിരുന്നു.

ഈ പരിശോധനയിലാണ് മാമ്പഴങ്ങളിലെ കീടങ്ങളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന വേപ്പർ ഹീറ്റ് ട്രീറ്റ്മെന്റ്, കെമിക്കൽ രഹിത പുകക്കൽ, അണുനശീകരണ പ്രക്രിയകൾ എന്നിവയിൽ ഗുരുതരമായ പോരായ്മകളും ക്രമക്കേടുകളും കണ്ടെത്തിയത്. ഇന്ത്യൻ പ്ലാന്റുകളിലെ പ്രവർത്തന നിലവാരം ജപ്പാന്റെ കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസരിച്ചല്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇറക്കുമതി നിരോധിക്കാൻ ടോക്കിയോ തീരുമാനിച്ചത്. 2026 മാർച്ച് 25-നോ അതിനുശേഷമോ ഇന്ത്യ നൽകിയ ഇൻസ്പെക്ഷൻ സർട്ടിഫിക്കറ്റുകളുള്ള ഒരു മാമ്പഴ ശേഖരവും സ്വീകരിക്കില്ലെന്ന് ജപ്പാന്റെ 'യോക്കോഹാമ പ്ലാന്റ് പ്രൊട്ടക്ഷൻ അസോസിയേഷൻ' ഔദ്യോഗികമായി അറിയിച്ചു.

ഇന്ത്യൻ മാമ്പഴങ്ങൾക്ക് ജപ്പാൻ വിലക്കേർപ്പെടുത്തുന്നത് ഇതാദ്യമല്ല. നേരത്തെ 1986-ൽ ഈച്ചകളുടെ ശല്യം കാരണം ജപ്പാൻ ഇന്ത്യൻ മാമ്പഴങ്ങൾ നിരോധിച്ചിരുന്നു. പിന്നീട് നീണ്ട 20 വർഷത്തെ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം 2006-ലാണ് ഈ നിരോധനം നീക്കിയത്. കൃത്യം 20 വർഷം പിന്നിടുമ്പോൾ ഇന്ത്യയുടെ പ്ലാന്റുകളിലെ വീഴ്ചകൾ കാരണം ജപ്പാൻ വീണ്ടും വാതിലുകൾ കൊട്ടിയടയ്ക്കുകയാണ്.

ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് ഏറ്റവും കൂടുതൽ കയറ്റി അയക്കുന്ന പ്രീമിയം മാമ്പഴ ഇനങ്ങളായ അൽഫോൻസോ , കേസർ , ലാംഗ്ര , ബംഗനപ്പള്ളി എന്നിവയുടെ കയറ്റുമതിയെ പൂർണ്ണമായി ഇത് ബാധിക്കും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 15.4 ലക്ഷം ഡോളറിന്റെ മാമ്പഴം ഇന്ത്യ ജപ്പാനിലേക്ക് കയറ്റി അയച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും ഗുജറാത്തിൽ നിന്നുള്ള കേസർ മാമ്പഴങ്ങളായിരുന്നു.

ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള ഏജൻസികൾ നിലവിൽ ജാപ്പനീസ് അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്. എങ്കിലും, തങ്ങളുടെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ച പോരായ്മകൾ ഇന്ത്യ പൂർണ്ണമായി പരിഹരിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നത് വരെ വിലക്ക് തുടരുമെന്ന് ജപ്പാൻ വ്യക്തമാക്കിക്കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Japanindian mangoesbannedWorld NewsLatest News
News Summary - Indian mangoes banned in Japan!
Next Story