'നിങ്ങൾക്ക് ഷാരൂഖ് ഖാനെ അറിയാമോ?'; സുഡാനിൽ ഇന്ത്യൻ യുവാവിനെ സായുധസംഘം തട്ടിക്കൊണ്ടുപോയി തടവിലിട്ട ദൃശ്യങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: സംഘർഷം രൂക്ഷമായ സുഡാനിലെ ദർഫൂർ മേഖലയിൽ ഇന്ത്യൻ യുവാവിനെ അർധ സൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്(ആർ.എസ്.എഫ്) തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. 2023 ഏപ്രിൽ മുതൽ സുഡാനീസ് സായുധ സേനയും ആർ.എസ്.എഫും തമ്മിൽ രാജ്യത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
ഒഡീഷയിലെ ജഗത്സിങ്പൂർ ജില്ലയിൽ താമസിക്കുന്ന ആദർശ് ബെഹ്റയെയാണ് തട്ടിക്കൊണ്ടുപോയത്. 2022 മുതൽ സുഡാനിലെ സുകാരതി പ്ലാസ്റ്റിക് ഫാക്ടറിയിൽ ജോലി ചെയ്യുകയാണ് 36 കാരനായ ബെഹ്റ. ഖാർത്തൂമിൽ നിന്ന് ഏതാണ്ട് 1000 കിലോമീറ്റർ അകലെയുള്ള നോർത്ത് ദർഫൂറിന്റെ തലസ്ഥാനമായ എൽ-ഫാഷറിൽ നിന്നാണ് ബെഹ്റയെ ആർ.എസ്.എഫ് തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തെ ആർ.എസ്.എഫിന്റെ ശക്തികേന്ദ്രമായ നയാലയിലേക്ക് കൊണ്ടുപോയെന്നാണ് കരുതുന്നത്.
ബെഹ്റയെ അർധ സൈനിക വിഭാഗം ചോദ്യം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഒരു വിഡിയോയിൽ ബെഹ്റ രണ്ട് സായുധധാരികളായ ആർ.എസ്.എഫ് സൈനികർക്കിടയിൽ ഇരിക്കുന്നത് കാണാം. അവരിൽ ഒരാൾ അദ്ദേഹത്തോട് 'നിങ്ങൾക്ക് ഷാരൂഖ് ഖാനെ അറിയാമോ' എന്ന് ഇംഗ്ലീഷിൽ ബെഹ്റയോട് ചോദിക്കുന്നത് കേൾക്കാം.
കുടുംബം പങ്കുവെച്ച മറ്റൊരു വിഡിയോയിൽ ബെഹറ് കൈകൂപ്പി നിലത്തിരുന്ന് സഹായത്തിനായി അപേക്ഷിക്കുന്നത് കാണാം.
''ഞാൻ എൽ ഫാഷറിലാണ്. ഇവിടത്തെ സ്ഥിതി വളരെ മോശമാണ്. രണ്ടുവർഷമായി ഞാനിവിടെ വളരെ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. എന്റെ കുടുംബവും കുട്ടികളും ആശങ്കാകുലരാണ്. സഹായിക്കണമെന്ന് ഒഡീഷ സർക്കാറിനോട് അഭ്യർഥിക്കുകയാണ്''-എന്നാണ് വിഡിയോയിൽ പറയുന്നത്. സുഡാനിലെ സ്ഥിതിഗതികളെ കുറിച്ച് ഭർത്താവ് പറഞ്ഞിരുന്നുവെങ്കിലും ഇങ്ങനൊരു ദുർവിധി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബെഹ്റയുടെ ഭാര്യ സുസ്മിത എൻ.ഡി.ടി.വിയോട് പറഞ്ഞു. ദമ്പതികൾക്ക് എട്ടും മൂന്നും വയസ് പ്രായമായ രണ്ട് ആൺകുട്ടികളാണ്. ബെഹ്റയുടെ സുരക്ഷിതമായ മോചനത്തിന് ഇടപെടണമെന്ന് കുടുംബം ഒഡീഷ സർക്കാറിനോടും വിദേശകാര്യ മന്ത്രാലയത്തോടും അഭ്യർഥിച്ചു. എത്രയും വേഗം വിദേശമന്ത്രാലയം നടപടികൾ സ്വീകരിക്കണമെന്നാണ് ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക് ആവശ്യപ്പെട്ടത്.
''ഒഡീഷയിലെ ജഗത്സിങ്പൂർ ജില്ലയിൽ നിന്നുള്ള ആദർശ് ബെഹ്‌റയെ സുഡാനിലെ അൽ ഫാഷിറിൽ അർദ്ധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്‌എഫ്) തട്ടിക്കൊണ്ടുപോയതായി അറിഞ്ഞതിൽ അതിയായ ആശങ്കയുണ്ട്. ഇന്ത്യൻ സർക്കാരും വിദേശകാര്യ മന്ത്രാലയവും വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും സുഡാനിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് അദ്ദേഹത്തിന്റെ മോചനത്തിനായി പ്രവർത്തിക്കുകയും വേണം'' -നവീൻ പട്നായിക് എക്സിൽ കുറിച്ചു.
അതേസമയം ദർഫൂരിലെ സ്ഥിതിഗതികൾ പ്രവചനാതീതമാണെന്നാണ് ഇന്ത്യയിലെ സുഡാൻ അംബാസഡർ ഡോ. മുഹമ്മദ് അബ്ദുല്ല അലി എൽടോം ഇന്ത്യൻ വാർത്താഏജൻസികളോട് പ്രതികരിച്ചത്. ബെഹ്റ സുരക്ഷിതമായി തിരിച്ചെത്താൻ സർക്കാർ ശ്രമങ്ങൾ നടത്തുന്നായും അദ്ദേഹം ഉറപ്പുനൽകി.
18 മാസത്തെ ഉപരോധത്തിന് ശേഷം ദർഫൂർ മേഖലയിലെ സുഡാൻ സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായ എൽ ഫാഷർ അടുത്തിടെ ആർ.എസ്.എഫ് പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

