യു.എസിലേക്ക് നിയമവിരുദ്ധ യാത്രക്കിടെ ഇന്ത്യക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsഅമൃത്സർ: അമേരിക്കയിലേക്കുള്ള നിയമവിരുദ്ധ യാത്രക്കിടെ ഇന്ത്യക്കാരൻ ഗ്വാട്ടിമാലയിൽ ഹൃദയാഘാതം മൂലം മരിച്ചു. പഞ്ചാബ് അജ്നാല സ്വദേശി ഗുർപ്രീത് സിങ്ങാണ് ഗ്വാട്ടിമാലയിൽ ഹൃദയാഘാതം മൂലം മരിച്ചതെന്ന് സംസ്ഥാന എൻ.ആർ.ഐ കാര്യ മന്ത്രി കുൽദീപ് സിങ് ധലിവാൾ അറിയിച്ചു. മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മന്ത്രി, അനധികൃത വിദേശയാത്രക്ക് ശ്രമിക്കരുതെന്നും പകരം ഇന്ത്യയിൽ തന്നെ നൈപുണ്യ വിദ്യാഭ്യാസം നേടണമെന്നും യുവാക്കളോട് ഉപദേശിച്ചു. വൻ തുക ചെലവഴിച്ച് നിയമവിരുദ്ധ വഴികളിലൂടെ വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നതിന് പകരം ആ പണം ഉപയോഗിച്ച് യുവാക്കൾക്ക് സംസ്ഥാനത്ത് ബിസിനസുകൾ തുടങ്ങണമെന്നും മന്ത്രി പറഞ്ഞു.
അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റത്തിന് ഉപയോഗിക്കുന്ന നിയമവിരുദ്ധവും അപകടകരവുമായ പാതയായ 'ഡങ്കി' വഴി യാത്ര ചെയ്യുന്നതിനിടെയാണ് ഗുർപ്രീത് ഹൃദയാഘാതം മൂലം മരിച്ചതെന്ന് മന്ത്രി പറഞ്ഞു. യുഎസിലേക്ക് പോകാൻ ഗുർപ്രീതിന്റെ കുടുംബം ഏജന്റുമാർക്ക് 16.5 ലക്ഷം രൂപ നൽകിയിരുന്നുവത്രെ.
പഞ്ചാബിൽ നിന്നുള്ള 30 പേർ ഉൾപ്പെടെ 104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ ഫെബ്രുവരി അഞ്ചിന് യു.എസ് സൈനിക വിമാനത്തിൽ ഇന്ത്യയിലക്ക് തിരിച്ചയച്ചതിന് ദിവസങ്ങൾക്കകമാണ് സംഭവം. ഗുർപ്രീതിന്റെ വസതി സന്ദർശിച്ച ധലിവാൾ കുടുംബത്തെ അനുശോചനം അറിയിച്ചു. മൃതദേഹം പഞ്ചാബിലേക്ക് തിരികെ കൊണ്ടുവരാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

