‘ഇന്ത്യാ സർക്കാർ സൗകര്യമൊരുക്കിയില്ല; വാണിജ്യ വിമാനത്തിലാണ് ഞങ്ങൾ സ്വന്തം നിലയിൽ തിരിച്ചെത്തിയത്’; ഇറാനിൽ നിന്നും മടങ്ങിയവർ പറയുന്നു
text_fieldsന്യൂഡൽഹി: പ്രതിഷേധങ്ങൾക്കും യുദ്ധഭീഷണികൾക്കുമിടെ ഇറാനിൽനിന്ന് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ വാണിജ്യ വിമാനങ്ങളിൽ തിരിച്ചെത്തി. വെള്ളിയാഴ്ച രാത്രി വൈകിയാണ് വിമാനങ്ങൾ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയത്. ഈ വാണിജ്യ സർവിസുകളിൽ എത്ര ഇന്ത്യക്കാർ എത്തിയെന്ന് വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മടങ്ങിയെത്തിയവരിൽ 12 മുതൽ 13 വരെ യാത്രക്കാരുടെ സംഘത്തിലെ അംഗമായ അലി നഖിയും ഉൾപ്പെടുന്നു. ഇറാനിൽ തങ്ങൾക്ക് ഒരു പ്രശ്‌നവും നേരിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്റർനെറ്റ് പ്രവർത്തിച്ചിരുന്നില്ല. അതുകൊണ്ട്, രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് തങ്ങൾക്ക് കൃത്യമായി അറിയില്ലായിരുന്നുവെന്ന് ഷിറാസിലെ മെഡിക്കൽ കോളേജിൽ പഠിക്കുന്ന യുവതി പറഞ്ഞു. ഇന്ത്യാ സർക്കാർ തിരിച്ചുവരവിന് സൗകര്യമൊരുക്കിയില്ലെന്നും സർക്കാറിന്റെ ക്രമീകരണപ്രകാരമല്ല, മറിച്ച് ഒരു വാണിജ്യ വിമാനത്തിലാണ് തങ്ങൾ സ്വന്തം നിലയിൽ തിരിച്ചെത്തിയതെന്നും അവർ വ്യക്തമാക്കി.
ഇന്റർനെറ്റ് ഷട്ട്ഡൗണിൽ തങ്ങൾ ആശങ്കാകുലരായിരുന്നുവെന്ന് പലരും പറഞ്ഞു. എന്നാൽ, ലഭ്യമായ എല്ലാ ആശയവിനിമയ മാർഗങ്ങളിലൂടെയും തെഹ്‌റാനിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള സന്ദേശങ്ങൾ അവർക്ക് ആശ്വസമേകി.
‘ഇത് ഒരു ആഗോള പ്രശ്‌നമായതിനാൽ തീർച്ചയായും ചില ഉത്കണ്ഠകൾ ഉണ്ടായിരുന്നു. ഇന്റർനെറ്റ് ഷട്ട്ഡൗണായപ്പോൾ ഞങ്ങൾ വളരെ ആശങ്കാകുലരായിരുന്നു’വെന്ന് ഇറാനിൽ നിന്ന് മടങ്ങിയെത്തിയ അബ്ബാസ് ഖാസ്‌മി പറഞ്ഞു. എന്നാൽ ആശയവിനിമയം പുനരാരംഭിച്ചപ്പോൾ കാര്യങ്ങൾ നിയന്ത്രണത്തിലാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. എല്ലാം ശരിയായെന്ന് അത് ഞങ്ങൾക്ക് ഉറപ്പുനൽകി. ഉപദേശം ലഭിച്ചയുടൻ ഞങ്ങൾ എംബസിയിൽ രജിസ്റ്റർ ചെയ്യുകയും കൂടുതൽ നിർദേശങ്ങൾക്കായി കാത്തിരിക്കുകയും ചെയ്തു’-അദ്ദേഹം പറഞ്ഞു. രാത്രി വൈകിയും ഇറാനിൽ നിന്ന് എത്തുന്ന ബന്ധുക്കളെ സ്വീകരിക്കാൻ ഉത്കണ്ഠാകുലരായ കുടുംബങ്ങൾ വിമാനത്താവളത്തിൽ തടിച്ചുകൂടി.
നിലവിൽ 9,000ത്തോളം ഇന്ത്യൻ പൗരന്മാർ ഇറാനിൽ താമസിക്കുന്നുണ്ടെന്നും അവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ സമൂഹത്തിൽ നാവികർ, തീർത്ഥാടകർ, ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകൾ എന്നിവരും ഉൾപ്പെടുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. സർക്കാർ നിരവധി നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ നമ്മുടെ പൗരന്മാർ ഇപ്പോൾ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട്. നിലവിൽ അവിടെ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് രാജ്യം വിടാൻ ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും വാണിജ്യ വിമാനങ്ങൾ ഇപ്പോഴും സർവിസ് നടത്തുന്നുണ്ടെന്നും അവർ അവ ഉപയോഗപ്പെടുത്തി പോകണമെന്നും നിർദേശം നൽകിയിട്ടുണ്ട്’ -ജയ്‌സ്വാൾ പറഞ്ഞു.
ന്യൂഡൽഹിയിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും ജയ്സ്വാൾ പറഞ്ഞു. ജനങ്ങളുടെ സുരക്ഷക്കും അവരുടെ താൽപ്പര്യങ്ങൾക്കുമായി ചെയ്യേണ്ടതെന്തും, ആവശ്യമെങ്കിൽ അത് ചെയ്യാൻ ഞങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

