Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യം തിരയുന്ന ഹരിയാനയിലെ ഗാങ്സ്റ്റർ ഹിമാൻഷു ഭാവു യു.എസിൽ അറസ്റ്റിൽ

text_fields
bookmark_border
രാജ്യം തിരയുന്ന ഹരിയാനയിലെ ഗാങ്സ്റ്റർ ഹിമാൻഷു ഭാവു യു.എസിൽ അറസ്റ്റിൽ
cancel

ന്യൂഡൽഹി: ഇന്ത്യ തിരയുന്ന കുറ്റവാളികളിലൊരാളായ ഹരിയാന ഗാങ്സ്റ്റർ ഹിമാൻഷു ഭാവുവിനെ എഫ്.ബി.ഐ യു.എസിൽ വെച്ച് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഡൽഹിയിലും ഹരിയാനയിലും രജിസ്റ്റർ ചെയ്ത കൊലപാതകം, കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഭാവു.

ഹിമാൻഷു റിറ്റോലിയ എന്നാണ് ഭാവുവിന്റെ യഥാർഥ പേര്. ഹരിയാനയിലെ റോഹ്തക് ജില്ലയിലുള്ള റിറ്റോലി ഗ്രാമക്കാരനാണ് ഇയാൾ. വിദേശത്തിരുന്നുകൊണ്ട് ഡൽഹി-എൻ.സി.ആർ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ വലിയൊരു ക്രിമിനൽ ശൃംഖല ഇയാൾ വികസിപ്പിച്ചെടുത്തതായാണ് ആരോപണം. ഇന്ത്യൻ നിയമപാലകരുടെ അഭ്യർഥനയെ തുടർന്ന് 2023 ആഗസ്റ്റിൽ ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എൻ.ഐ.എ ഡൽഹി പൊലീസ്, ഹരിയാന പൊലീസ് എന്നിവരുടെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിലുള്ള ആളാണ് ഭാവു.

2002ൽ ജനിച്ച ഭാവു, ഹരിയാനയിലെ സംഘടിത കുറ്റകൃത്യ ശൃംഖലയിൽ നിന്ന് ഉയർന്നുവന്ന ഏറ്റവും പ്രായം കുറഞ്ഞ ഗാങ്സ്റ്റർമാരിൽ ഒരാളാണ്. കൗമാരപ്രായത്തിൽ തന്നെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് കടന്ന ഇയാൾ, 2020ൽ മറ്റ് തടവുകാരോടൊപ്പം ബാലമന്ദിരത്തിൽ നിന്ന് ചാടിപ്പോവുകയായിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, പണം തട്ടിയെടുക്കൽ, അനധികൃത ആയുധങ്ങൾ കൈവശം വെക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ പൊലീസിന് ഇയാളുടെ പങ്കാളിത്തം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. വിദേശത്തിരുന്ന് ഇന്ത്യയിലെ കൂട്ടാളികളെ ഏകോപിപ്പിച്ചാണ് ഇയാൾ തന്റെ ക്രിമിനൽ സാമ്രാജ്യം ഭരിച്ചിരുന്നത്.

നീരജ് ബവാന ഗാംഗുമായി ബന്ധമുള്ള ആളാണ് ഭാവുവെന്നും, ലോറൻസ് ബിഷ്ണോയ് - ഗോൾഡി ബ്രാർ ശൃംഖലയുമായി ഇയാൾക്ക് കടുത്ത ശത്രുതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഡൽഹിയിലും ഹരിയാനയിലും നടന്ന പ്രമുഖ വെടിവെയ്പ്പ്, കൊലപാതക കേസുകളിൽ ഭാവുവിനും സംഘത്തിനും പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിലെ ബർഗർ കിങ് ഔട്ട്‌ലെറ്റിലെ കൊലപാതകം, യൂട്യൂബർ എൽവിഷ് യാദവിന്റെ വീടിന് മുന്നിലെ വെടിവെയ്പ്പ്, മറ്റ് ആക്രമണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ഇവർ വെടിവെയ്പ്പും വധഭീഷണിയും സ്ഥിരമായി നടത്തിയിരുന്നു. 2022ൽ ഹരിയാനയിൽ 24 മണിക്കൂറിനുള്ളിൽ മൂന്ന് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ഭാവു പൊലീസിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. ആയുധധാരികളായ കൂട്ടാളികളെ ഉപയോഗിച്ചാണ് ഇയാൾ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - indian gangster arrested in US
Next Story