സംഘർഷങ്ങൾക്കിടെ ഹുർമുസ് താണ്ടി ഇന്ത്യൻ ഇന്ധനക്കപ്പൽ
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സംഘർഷം കനക്കുന്നതിനിടെ, തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ ഇന്ധനക്കപ്പൽ എം.വി സൺഷൈൻ സുരക്ഷിതമായി പുറത്തുകടന്നു. ഇന്ത്യൻ നാവികസേനയുടെയും വിവിധ നയതന്ത്ര ഏജൻസികളുടെയും കടുത്ത ജാഗ്രതക്കും ഏകോപനത്തിനുമൊടുവിലാണ് കപ്പൽ അപകടമേഖല പിന്നിട്ട് അറബിക്കടലിലേക്ക് പ്രവേശിച്ചത്.
ഇറാനും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധം കടുക്കുന്ന പശ്ചാത്തലത്തിൽ, അതീവ ജാഗ്രതയോടെയാണ് കപ്പലിനെ പുറത്തെത്തിച്ചത്. കപ്പൽ നിലവിൽ ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നതായും ഇന്ധന വിതരണത്തിന് തടസ്സമുണ്ടാകില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പേർഷ്യൻ ഗൾഫിലെ പ്രതിസന്ധിക്കിടയിൽ കുടുങ്ങിയ 15ാമത്തെ കപ്പലാണ് ഇപ്പോൾ സുരക്ഷിതമായി മടങ്ങുന്നത്.
നേരത്തെ ഗ്രീൻ സാന്വി, നന്ദാദേവി, ശിവാലിക്, പൈൻ ഗ്യാസ് തുടങ്ങിയ ടാങ്കറുകളെയും ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെ സുരക്ഷിത താവളങ്ങളിൽ എത്തിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇറാൻ അധികൃതരുമായി നടത്തിയ നിരന്തരമായ നയതന്ത്ര ചർച്ചകളാണ് കപ്പലുകളുടെ സുരക്ഷിത പാത ഉറപ്പാക്കിയത്.
ലോകത്തെ ഇന്ധന കയറ്റുമതിയുടെ പ്രധാന ഇടനാഴിയായ ഹുർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന അനിശ്ചിതത്വം ഇന്ത്യയുടെ ഊർജ്ജ മേഖലയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ ‘എം.വി സൺഷൈൻ’ സുരക്ഷിതമായി മടങ്ങുന്നത് രാജ്യത്തെ എൽ.പി.ജി വിതരണത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ കപ്പൽ ഇന്ത്യൻ തുറമുഖത്ത് എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

