ഫ്രാൻസ് പ്രക്ഷോഭം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി എംബസി: അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടണമെന്ന് മുന്നറിയിപ്പ്
text_fieldsപാരിസ്: ഫ്രാൻസിൽ ജീവിതച്ചെലവ് വർധിക്കുന്നതിനെതിരായ പ്രതിഷേധങ്ങൾ അക്രമാസക്തമായതോടെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി പാരിസിലെ ഇന്ത്യൻ എംബസി. ഫ്രാൻസിൽ താമസിക്കുന്നവരും രാജ്യം സന്ദർശിക്കാൻ പദ്ധതിയിടുന്നവരും ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്നും തിരക്കേറിയ മേഖലകളിൽ നിന്നും വിട്ടുനിൽക്കണമെന്നും എംബസി ആവശ്യപ്പെട്ടു.
ഫ്രാൻസിലെ പുതിയ സാഹചര്യങ്ങളും ചില മേഖലകളിൽ ഏർപ്പെടുത്തിയ പ്രാദേശിക കർഫ്യൂകളും കണക്കിലെടുത്ത് ജാഗ്രതയോടെയും മുൻകരുതലോടെയും പ്രവർത്തിക്കണമെന്ന് ബുധനാഴ്ച വൈകിട്ട് പുറത്തിറക്കിയ നിർദേശത്തിൽ എംബസി വ്യക്തമാക്കി. ഫ്രഞ്ച് അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും വിവിധ നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങളിലുണ്ടാകാവുന്ന തടസ്സങ്ങളെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കണമെന്നും നിർദേശമുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ പാരിസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം. ഫോൺ: +33 6 48 34 00 63. ഇ-മെയിൽ: cgo.marseille@mea.gov.in.
ജീവിതച്ചെലവ് വർധിക്കുന്നതിലും പൊതുസേവനങ്ങളുടെ നിലവാരം മോശമാകുന്നതിലും പ്രതിഷേധിച്ച് ഇറ്റലിയിൽ സമരങ്ങൾ തുടരുന്നതിനിടെ അവിടത്തെ ഇന്ത്യൻ എംബസിയും പൗരന്മാർക്ക് സുരക്ഷാ നിർദേശം നൽകിയിരുന്നു. പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളും തിരക്കേറിയ മേഖലകളും ഒഴിവാക്കണമെന്നും പ്രാദേശിക വാർത്തകൾ ശ്രദ്ധിക്കണമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ എംബസി ആവശ്യപ്പെട്ടു.
വർഷങ്ങൾക്കിടയിലെ ഏറ്റവും വലിയ ആഭ്യന്തര സംഘർഷങ്ങളിലൊന്നിനാണ് ഫ്രാൻസ് അടുത്തിടെ സാക്ഷ്യംവഹിച്ചത്. ജീവിതച്ചെലവ് വർധിക്കുന്നതും പൊതുസേവനങ്ങൾ മോശമാകുന്നതും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളുമാണ് പ്രതിഷേധങ്ങൾക്ക് പ്രധാന കാരണം. പാരിസ്, മാർസെയ്, ലിയോൺ തുടങ്ങിയ നഗരങ്ങളിൽ കൊള്ള, തീവെപ്പ്, പൊലീസുമായുള്ള ഏറ്റുമുട്ടൽ എന്നിവ റിപ്പോർട്ട് ചെയ്തു.
സ്കൂളുകളിലെ ഫണ്ടിങ് കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ജീവനക്കാരുടെ കുറവ് എന്നിവയിൽ വിദ്യാർഥികൾ ആശങ്കയറിയിച്ചിട്ടുണ്ട്. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിലെ സ്കൂളുകളിലാണ് പ്രശ്നങ്ങൾ രൂക്ഷമെന്നാണ് വിദ്യാർഥികളുടെ പരാതി. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ നീളുന്ന സ്കൂൾ സമയക്രമം ക്ഷീണിപ്പിക്കുന്നതാണെന്നും സർവകലാശാലാ പ്രവേശന നടപടികളിലെ സങ്കീർണതയും നീതിയുക്തതയും ചോദ്യംചെയ്തും വിദ്യാർഥികൾ രംഗത്തെത്തിയിട്ടുണ്ട്.
വാരാന്ത്യത്തിൽ നടന്ന അക്രമങ്ങൾക്കുശേഷം തുടർച്ചയായ രണ്ട് രാത്രികളിൽ ഫ്രാൻസിൽ പൊതുവേ സമാധാനപരമായ അന്തരീക്ഷമാണ് നിലനിന്നത്. എങ്കിലും പാരിസിലെ ചില പ്രദേശങ്ങൾ ഉൾപ്പെടെ പ്രധാന നഗരങ്ങളുടെ വിവിധ ഭാഗങ്ങളിൽ കർഫ്യൂ തുടരുകയാണ്.
വിദ്യാർഥി സംഘടനകളുടെയും ‘യെല്ലോ വെസ്റ്റ്’ പ്രസ്ഥാനവുമായി ബന്ധമുള്ള ഗ്രൂപ്പുകളുടെയും ആഹ്വാനപ്രകാരം വ്യാഴാഴ്ചയും ശനിയാഴ്ചയും കൂടുതൽ പ്രതിഷേധങ്ങൾ നടക്കാനിരിക്കുകയാണ്. 2018ലും 2019ലും ഇന്ധനവില വർധനക്കെതിരെ യെല്ലോ വെസ്റ്റ് പ്രസ്ഥാനം നടത്തിയ പ്രതിഷേധങ്ങൾ ഫ്രാൻസിൽ വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇതിനിടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 2,500 പേരിൽ 174 പേരെ ജയിലിലടച്ചതായി ഫ്രഞ്ച് നീതിന്യായ മന്ത്രി ജെറാൾഡ് ഡാർമാനിൻ അറിയിച്ചു. 917 പേർക്കെതിരെ ഔദ്യോഗികമായി പ്രോസിക്യൂഷൻ നടപടികളും ആരംഭിച്ചിട്ടുണ്ട്. ക്രമസമാധാനത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ച പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു ഫ്രാൻസിൽ സൈന്യത്തെ വിന്യസിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

