ഉദയ്പൂർ: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അത്യന്തം ആശങ്കാജനകമാണെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം. കഴിഞ്ഞ എട്ട് വർഷമായി തുടരുന്ന രാജ്യത്തെ മന്ദഗതിയിലുള്ള വളർച്ചാ നിരക്കാണ് ബി.ജെ.പി സർക്കാറിന്‍റെ മുഖമുദ്രയെന്ന് അദ്ദേഹം ആരോപിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന കോൺഗ്രസ് ചിന്തൻ ശിബരിലാണ് ചിദംബരത്തിന്‍റെ പ്രതികരണം.
2017ൽ മോദി സർക്കാർ അന്യായമായി നടപ്പാക്കിയ ജി.എസ്.ടി നിയമങ്ങളുടെ അനന്തരഫലങ്ങൾ എന്താണെന്നത് വളരെ വ്യക്തമാണ്. ഇന്ന് സംസ്ഥാനങ്ങളുടെ ധനസ്ഥിതി മുമ്പെങ്ങുമില്ലാത്ത വിധം ദുർബലമാണ്. അതിനാൽ അടിയന്തര പരിഹാര നടപടികൾ ആവശ്യമാണെന്ന് ചിദംബരം വ്യക്തമാക്കി.
1991ൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ഉദാരവൽകരണത്തിന്‍റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു. പുതിയ ബിസിനസുകൾ, പുതിയ സംരംഭകർ, ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ, കയറ്റുമതി ഉയർത്തൽ എന്നിങ്ങനെ രാജ്യം വലിയ നേട്ടങ്ങൾ കൊയ്തു. 10 വർഷത്തിനിടെ 27 കോടി ജനങ്ങളാണ് ദാരിദ്ര്യത്തിൽ നിന്ന് കരകയറിയത്-ചിദംബരം പറഞ്ഞു.
ജനസംഖ്യയുടെ 10 ശതമാനം ആളുകൾ കടുത്ത ദാരിദ്ര്യം നേരിടുന്നവരാണ്. 2021ലെ ആഗോള പട്ടിണി സൂചികയിൽ 116 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 101-ാം സ്ഥാനത്താണ്. സ്ത്രീകൾക്കും കുട്ടികൾക്കുമിടയിൽ വർധിച്ച് വരുന്ന പോഷകാഹാരക്കുറവുകൾ അടക്കം 30 വർഷത്തിനിപ്പുറമുള്ള രാജ്യത്തെ സംഭവവികാസങ്ങൾ കണക്കിലെടുക്കുമ്പോൾ സാമ്പത്തിക നയങ്ങൾ പുനഃക്രമീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടത് അത്യാവശ്യമാണെന്നും ചിദംബരം കൂട്ടിച്ചേർത്തു.