പണഞെരുക്കം, സാമ്പത്തിക തകർച്ച; സർക്കാറിന് മുമ്പിൽ സാധ്യതകൾ പരിമിതം
text_fieldsന്യൂഡൽഹി: പണഞെരുക്കത്തിെൻറയും സാമ്പത്തിക രംഗത്തെ തകർച്ചയുടെയും പുതിയ കണക്കുകൾക്കിടയിൽ സമ്പദ്വ്യവസ്ഥക്ക് ഉത്തേജനം പകരുന്നതിെൻറ വഴികൾ അടഞ്ഞ് സർക്കാർ. മൊത്ത ആഭ്യന്തര ഉൽപാദന വളർച്ച നിരക്ക് നാലര ശതമാനത്തിലേക്ക് ഇടിഞ്ഞിരിക്കേ, കൂടുതൽ ഇടപെടലുകൾ സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ശനിയാഴ്ച വിശദീകരിച്ചു.
എന്നാൽ, സർക്കാറിനു മുന്നിൽ സാധ്യതകൾ പരിമിതം.
സർക്കാർ വലിയ വരുമാനക്കമ്മിയാണ് നേരിടുന്നത്. വ്യവസായ നടത്തിപ്പ് എളുപ്പമാക്കാനെന്ന പേരിൽ കോർപറേറ്റുകൾക്കുള്ള നികുതി അടുത്തയിടെ വെട്ടിക്കുറച്ചതാണ് ഒരു പ്രശ്നം. സാമ്പത്തിക മാന്ദ്യം മൂലം ജി.എസ്.ടി വരുമാനത്തിലും ഇടിവാണ്. സംസ്ഥാനങ്ങൾക്ക് ഈയിനത്തിൽ കുടിശ്ശിക വരുത്തിയിരിക്കുകയാണ് കേന്ദ്രം. മാന്ദ്യം നേരിടാൻ വലിയ പ്രഖ്യാപനങ്ങളും നീക്കങ്ങളും ഉണ്ടായെങ്കിലും അതൊന്നും പ്രതീക്ഷിച്ച വരുമാനവും നിക്ഷേപവും ഉണ്ടാക്കുന്നില്ല. റിസർവ് ബാങ്കിെൻറ കരുതൽ ധനത്തിൽനിന്ന് ലാഭവിഹിതത്തിെൻറയും മറ്റും പേരിൽ ഒന്നേകാൽ ലക്ഷം കോടി രൂപ ഖജനാവിലേക്ക് മാറ്റിയതിനു പുറമെയാണിത്.
എയർ ഇന്ത്യ, ഭാരത് പെട്രോളിയം കോർപറേഷൻ എന്നിവ വിറ്റഴിക്കാൻ തീരുമാനിച്ചതുവഴി ലക്ഷം കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട്.
എന്നാൽ, മോശം സാമ്പത്തിക സാഹചര്യങ്ങൾക്കിടയിൽ സ്വകാര്യ വ്യവസായികളുമായി ഇടപാടിൽ ആസ്തിക്കൊത്ത വിധം ശരിയായ വിലനിർണയം നടത്താനാവുന്നുമില്ല. രണ്ടു വർഷത്തേക്കെങ്കിലും സാമ്പത്തിക മാന്ദ്യ തീവ്രത തുടരുമെന്ന സൂചനയാണ് സാമ്പത്തിക വിദഗ്ധർ നൽകുന്നത്. ഈ സാഹചര്യത്തിൽ ഖജനാവിലേക്ക് പുതിയ ധനസമാഹരണ സ്രോതസ്സുകൾ തേടുകയാണ് സർക്കാർ. അതു ചെന്നെത്തുന്നതാകട്ടെ, പുതിയ ആസ്തികളുടെ വിൽപനയിലേക്കാവാൻ സാധ്യതയേറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
