കോൺസുലേറ്റ് ആക്രമണം: പഞ്ചാബിലും ഹരിയാനയിലും റെയ്ഡ്
text_fieldsന്യൂഡൽഹി: ഈ വർഷം മാർച്ചിലും ജൂലൈയിലും ഖാലിസ്താൻ അനുകൂലികൾ യു.എസിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിനുനേരെ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പഞ്ചാബിലെയും ഹരിയാനയിലെയും 14 ഇടങ്ങളിൽ റെയ്ഡ് നടത്തി. ആക്രമണത്തിന് പിന്നിലെ പൂർണമായ ഗൂഢാലോചന പുറത്തുകൊണ്ടുവരാനായിരുന്നു റെയ്ഡെന്ന് എൻ.ഐ.എ വക്താവ് പറഞ്ഞു.
പഞ്ചാബിലെ മോഗ, ജലന്ധർ, ലുധിയാന, ഗുരുദാസ് പുർ, മൊഹാലി, പട്യാല ജില്ലകളിലും ഹരിയാനയിലെ കുരുക്ഷേത്ര, യമുനാനഗർ എന്നിവിടങ്ങളിലുമായിരുന്നു റെയ്ഡ്. ഡിജിറ്റൽ ഡേറ്റയും മറ്റ് രേഖകളും പിടിച്ചെടുത്തതായി വക്താവ് പറഞ്ഞു. കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എൻ.ഐ.എ സംഘം ആഗസ്റ്റിൽ സാൻഫ്രാൻസിസ്കോ സന്ദർശിച്ചിരുന്നു.
യു.എസിൽ സിഖ് വിഘടനവാദിക്കു നേരെ വധശ്രമം തകർത്തെന്ന്
വാഷിങ്ടൺ: സിഖ് വിഘടനവാദിയെ വധിക്കാനുള്ള ഗൂഢാലോചന യു.എസ് അധികൃതർ തകർത്തെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാറിന് യു.എസ് നയതന്ത്ര മുന്നറിയിപ്പ് നൽകിയതായും അമേരിക്കൻ മാധ്യമമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. അമേരിക്കൻ, കാനഡ പൗരത്വമുള്ള ഗുർപന്ത്വന്ത് സിങ് പന്നനു നേരെയാണ് വധഗൂഢാലോചനയെന്നാണ് സൂചന. ഖാലിസ്താൻ വാദം ഉന്നയിക്കുന്ന സിഖ്സ് ഫോർ ജസ്റ്റീസ് എന്ന യു.എസ് ആസ്ഥാനമായുള്ള വിഘടനവാദി സംഘടനയുടെ നേതാവാണ് പന്നൻ. കഴിഞ്ഞ ജൂണിൽ സിഖ് വിഘടനവാദി ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്കെതിരെ കാനഡ സർക്കാർ ഗൂഢാലോചന ആരോപിച്ചിരുന്നു. രണ്ടു മാസം മുമ്പ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണം ഉയർത്തിയതിനെ തുടർന്നുണ്ടായ നയതന്ത്ര പ്രതിസന്ധി വിസ നിർത്തിവെക്കലിലുൾപെടെ കലാശിച്ചിരുന്നു.
കഴിഞ്ഞ ജൂണിൽ യു.എസ് സന്ദർശനത്തിനിടെ ആദ്യ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു.എസ് പ്രതിഷേധം അറിയിച്ചിരുന്നതായും പ്രതിയെന്ന് സംശയിക്കുന്ന ഒരാൾക്കെതിരെ ന്യൂയോർക് ജില്ലാ കോടതിയിൽ മുദ്രവെച്ച കവറിൽ കുറ്റപത്രം നൽകിയതായും റിപ്പോർട്ട് പറയുന്നു. നിജ്ജാർ കൊലപാതകത്തിൽ അന്വേഷണം പൂർത്തിയാകുംവരെ കാത്തിരിക്കണോ അതിന് മുമ്പ് ആരോപണം പരസ്യമാക്കണോ എന്നതു സംബന്ധിച്ച് യു.എസ് നീതിന്യായ വിഭാഗം ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

