Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒഡീഷ തീരത്ത് അപകടത്തിൽപ്പെട്ട എണ്ണക്കപ്പൽ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; 23 ജീവനക്കാർ സുരക്ഷിതർ

text_fields
bookmark_border
ഒഡീഷ തീരത്ത് അപകടത്തിൽപ്പെട്ട എണ്ണക്കപ്പൽ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; 23 ജീവനക്കാർ സുരക്ഷിതർ
cancel
camera_alt

​കോസ്റ്റ് ഗാർഡ് പുറത്തുവിട്ട ദൃശ്യങ്ങൾ

ഭുവനേശ്വർ: ഒഡിഷ തീരത്ത് അപകടാവസ്ഥയിലായ വിദേശ കെമിക്കൽ ടാങ്കറിൽ നിന്ന് 23 ജീവനക്കാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കപ്പൽ ഒരു വശത്തേക്ക് അപകടകരമായി ചരിഞ്ഞതോടെയാണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്. ബെലീസ് പതാകയുള്ള എം.ടി. സീഗൾ 9 എന്ന കപ്പലിനെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്.

സെപ്റ്റംബർ 27ന് രാവിലെ 7.30ഓടെയാണ് കപ്പലിൽനിന്ന് സഹായാഭ്യർഥന ലഭിച്ചത്. പാരദീപിൽനിന്ന് ഏകദേശം 37 നോട്ടിക്കൽ മൈൽ കിഴക്ക്-തെക്കുകിഴക്ക് ഭാഗത്തായിരുന്നു കപ്പൽ. 9,000 മെട്രിക് ടൺ പാം ഓയിലാണ് ടാങ്കറിൽ ഉണ്ടായിരുന്നത്. പ്രധാന എഞ്ചിൻ തകരാറിലായതിനു പിന്നാലെ ബാലസ്റ്റ് ടാങ്കുകളിൽ വെള്ളം കയറുകയും കപ്പൽ അപകടകരമായി ചരിയുകയുമായിരുന്നു.

എന്നാൽ അപകടസന്ദേശം ലഭിച്ച ഉടൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഐ.സി.ജി.എസ് വിശ്വസ്ത് എന്ന കപ്പലിനെ രക്ഷാപ്രവർത്തനത്തിനായി സംഭവസ്ഥലത്തേക്ക് അയച്ചു. തുടർന്ന് വിദഗ്ധരടങ്ങുന്ന ഡാമേജ് കൺട്രോൾ സംഘം ടാങ്കറിൽ കയറി സ്ഥിതിഗതികൾ വിലയിരുത്തി. ബാലസ്റ്റ് ടാങ്കുകളിൽ കയറിയ വെള്ളം പുറത്തെടുക്കുന്നതിനായി സബ്‌മേഴ്സിബിൾ ഡീ-ഫ്ലഡിങ് പമ്പുകൾ ഉപയോഗിച്ചു.

വെള്ളം വീണ്ടും കയറുന്നത് തടയുന്നതിനായി കേടായ കടൽജല പൈപ്പുകളും സംഘം അടച്ചു. ഇതോടെ കപ്പലിന്റെ സ്ഥിരത വീണ്ടെടുക്കാൻ സാധിച്ചു. അതേസമയം, കപ്പലിലെ ചരക്ക് മറ്റൊരു ഭാഗത്തേക്ക് മാറ്റുന്നതിനുള്ള നടപടികളും വെള്ളം പുറത്തെടുക്കുന്ന പ്രവർത്തനങ്ങളും ഒരേസമയം നടത്തിയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇതുവഴി കപ്പൽ മറിയുന്നത് ഒഴിവാക്കാനായെന്നും അധികൃതർ വ്യക്തമാക്കി.

കടൽ മലിനീകരണം തടയുന്നതിനും നിരീക്ഷണം ശക്തമാക്കുന്നതിനുമായി കോസ്റ്റ് ഗാർഡിന്റെ പൊല്യൂഷൻ കൺട്രോൾ വെസലും ഒരു ഓഫ്‌ഷോർ പട്രോൾ വെസലും ഈ പ്രദേശത്തേക്ക് അയച്ചിരുന്നു. കപ്പലിൽ നിന്ന് ചോർന്ന ചെറിയ അളവിലുള്ള പാം ഓയിലിന്റെ അംശം പൂർണമായും അലിഞ്ഞുപോയതായി ഐ.സി.ജി ഡോർണിയർ വിമാനത്തിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കപ്പൽ ഇപ്പോൾ സുരക്ഷിതമായി പാരദീപിലേക്ക് വലിച്ചുകൊണ്ടുപോവുകയാണെന്ന് അധികൃതർ അറിയിച്ചു. കപ്പലിന്റെ പ്രധാന എഞ്ചിന്റെ അറ്റകുറ്റപ്പണികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സാങ്കേതിക സംഘവും അറ്റകുറ്റപ്പണികൾക്ക് സഹായം നൽകുന്നുണ്ട്.

കപ്പലിന്റെ സുരക്ഷയും നിലവിലെ സ്ഥിതിയും നിരന്തരം നിരീക്ഷിക്കുന്നതിനായി ഐ.സി.ജി.എസ് വിശ്വസ്തും മറ്റ് കോസ്റ്റ് ഗാർഡ് കപ്പലുകളും പ്രദേശത്ത് തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനിടെ കപ്പൽ മറിയുന്നത് ഒഴിവാക്കാനും വലിയ തോതിലുള്ള സമുദ്ര മലിനീകരണം തടയാനും സാധിച്ചതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Coast Guard successfully rescues 23 crew members from a distressed chemical tanker
Next Story