‘ചൈനക്കു മുന്നിലെ ഇന്ത്യൻ വഴക്കങ്ങൾ’: സംഘ്പരിവാര്‍ അണികളുടെ ‘മോദി...മോദി’ ആർപ്പുവിളിക്കപ്പുറത്തെ യാഥാർഥ്യമിതാണ്
text_fieldsമോദിയുടെ ചൈനീസ് സന്ദർശന നടപടികള്‍ പുരോഗമിക്കവെ ഗോദി മീഡിയയുടെ വാചാടോപങ്ങൾക്കപ്പുറത്തെ ഇന്ത്യയുടെ യാഥാർഥ്യം വ്യക്തമാക്കി മനുഷ്യാവകാശ പ്രവർത്തകൻ കെ.സഹദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട് മൂന്ന് സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങള്‍ ചൈന കൈക്കൊണ്ടിരിക്കുന്നുവെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ് ഇങ്ങനെയാണ്:
‘ചൈനയുമായി ബന്ധപ്പെട്ട സമീപകാലത്ത് നടന്ന മൂന്ന് വാര്‍ത്തകളാണ് ചുവടെ. 8 ദിവസത്തിനുള്ളില്‍ 5 രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചുവെന്നും ചെന്നിടങ്ങളിലെല്ലാം ദേശീയ ബഹുമതികള്‍ നല്‍കി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആദരിച്ചുവെന്നും ഗോദി മീഡിയകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ വാസ്തവത്തില്‍ മോദി അടക്കമുള്ള ഇന്ത്യന്‍ മന്ത്രിമാരുടെ നയതന്ത്ര സന്ദര്‍ശനങ്ങളുടെ ബാക്കി പത്രമെന്തെന്ന് വ്യക്തമാക്കുന്നതാണ് ഈ വാര്‍ത്തകള്‍.
-ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) സമ്മിറ്റില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളില്‍ ഒന്നില്‍പ്പോലും പഹല്‍ഗാം ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള ഒരു വരിപോലും എഴുതിച്ചേര്‍ക്കാന്‍, രാജ്‌നാഥ് സിങ് മുതല്‍ എസ്.ജയശങ്കര്‍ വരെയുള്ളവര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ചൈനീസ് അധികൃതര്‍ അനുവദിച്ചില്ല.
-ചൈനയിലെ യാർലങ് സാംഗ്‌പോ നദിയില്‍ (ഇന്ത്യയുടെ ബ്രഹ്‌മപുത്ര) തിബത്തന്‍ മേഖലയില്‍ 167 ബില്യണ്‍ ഡോളറിന്റെ വന്‍കിട അണക്കെട്ടുകള്‍ പണിയാനുള്ള തീരുമാനവുമായി ചൈനീസ് ഭരണകൂടം മുന്നോട്ടുപോകുകയാണ്. ഇതു സംബന്ധിച്ചുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രതിഷേധങ്ങള്‍ പരിഗണിക്കാന്‍ ചൈനീസ് അധികൃതര്‍ തയ്യാറായിട്ടില്ല. മാത്രമല്ല, ബ്രഹ്‌മപുത്ര നദിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്‍ ഡാറ്റാ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കാനും ചൈനീസ് അധികൃതര്‍ തയ്യാറല്ലെന്നതാണ് മനസ്സിലാകുന്നത്.
- ഏറ്റവും ഒടുവില്‍, ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വില്‍ക്കുന്നതില്‍ ചൈനീസ് അധികൃതര്‍ അനൗദ്യോഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ഇന്ത്യയുടെ സെല്ലുലാര്‍ ആന്റ് ഇലക്ട്രോണിക് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇലക്ട്രോണിസ് ഉപകരണ വിൽപയുമായി ബന്ധപ്പെട്ട് ഏതാണ്ട് 32 ബില്യണ്‍ ഡോളറിന്റെ കച്ചവട സ്വപ്‌നങ്ങളുടെ കടക്കലാണ് ഇതുവഴി ചെനീസ് ഭരണകൂടം കത്തിവെച്ചിരിക്കുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കാനുള്ള നടപടികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മേല്‍പ്പറഞ്ഞ മൂന്ന് സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങള്‍ ചൈന കൈക്കൊണ്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ ഇന്ത്യക്കകത്ത് നരേന്ദ്ര മോദിയുടെ ഇമേജ് വര്‍ധിപ്പിക്കാനുള്ള സൂത്രപ്പണികള്‍ക്കപ്പുറത്ത്, രാജ്യ താൽപര്യത്തെ സംരക്ഷിക്കുന്നതോ, ഉയര്‍ത്തിപ്പിടിക്കുന്നതോ ആയ യാതൊരു ഫലവും സൃഷ്ടിക്കാന്‍ ഉതകുന്നതല്ലെന്ന വിമര്‍ശനങ്ങള്‍ ഓരോ ദിവസം കഴിയുമ്പോഴും യാഥാര്‍ത്ഥ്യമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.
നരേന്ദ്ര മോദിക്ക് ലഭിക്കുന്ന വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ദേശീയ ബഹുമതികള്‍, തെരുവില്‍ അഴിഞ്ഞാടുന്ന സംഘപരിവാര്‍ അണികള്‍ക്ക്, ‘മോദി... മോദി’ എന്ന ആര്‍ത്ത് വിളിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനപ്പുറത്തേക്ക് ഇന്ത്യയുടെ വാണിജ്യ-നയതന്ത്ര വിജയങ്ങളായി പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

