ഒരൊറ്റ ആകാശത്തിൽ ഒന്നിച്ചു പ്രകാശിക്കുന്ന മിന്നാമിനുങ്ങുകൾ; കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് ഇന്റർനാഷനൽ ബുക്കർ പ്രൈസ്
text_fieldsബാനു മുഷ്താഖ്
ബുക്കർ ഇന്റർനാഷനൽ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയായി കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ്. ഹിന്ദി എഴുത്തുകാരിയായ ഗീതാഞ്ജലി ശ്രീയുടെ ടൂം ഓഫ് സാൻഡ് 2022ൽ ബുക്കർ ഇന്റർനാഷനൽ പുരസ്കാരം നേടിയിരുന്നു.
12 കഥകളുടെ സമാഹാരമാണ് ഹാർട്ട് ഓഫ് ലാംപ്. ദീപ ഭാസ്തി ആണ് കന്നഡയിൽനിന്ന് ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. ആറു പുസ്തകങ്ങളടങ്ങിയ ചുരുക്കപ്പട്ടികയിലെ ഒരേയൊരു ചെറുകഥാ സമാഹാരവും ഹാർട്ട് ഓഫ് ലാംപ് ആയിരുന്നു. ദക്ഷിണേന്ത്യയിലെ മുസ്‍ലിം സ്ത്രീകളുടെ ദൈനംദിന ജീവിതമാണ് കഥകളിൽ പ്രതിഫലിക്കുന്നത്.
സ്ത്രീകളുടെ ജീവിതത്തെ കുറിച്ചും ജാതി, അടിച്ചമർത്തൽ, അധികാരം എന്നിവയെ കുറിച്ചുമാണ് ബാനു മുഷ്താഖ് എഴുതിയിട്ടുള്ളത്. കന്നഡ എഴുത്തുകാരിയാണ് 77വയസുള്ള ബാനു മുഷ്താഖ്. ബുക്കർ പ്രൈസ് ഇന്റർനാഷനൽ നേടുന്ന ആദ്യ കന്നഡ എഴുത്തുകാരിയും ബാനു തന്നെ. ഒരൊറ്റ ആകാശത്തിലൂടെ ആയിരം മിന്നാമിനുങ്ങുകൾ പ്രകാശം പരത്തുന്നതുപോലെയുള്ള അനുഭവമാണ് പുരസ്കാരം ലഭിച്ചപ്പോഴുണ്ടായതെന്നും ബാനു പറയുന്നു.
സ്ത്രീകളുടെ അവകാശങ്ങൾക്കായി വാദിച്ച ബാനു അവർക്കെതിരായ വിവേചനങ്ങൾക്കെതിരെയും പോരാടി. മതവും സമൂഹവും രാഷ്ട്രീയവും മറുചോദ്യം പോലും ഉന്നയിക്കാനാകാത്തവിധം സ്ക്രീകളെ നിശ്ശബ്ദമാക്കുന്നതിനെ കുറിച്ചും ക്രൂരത അടിച്ചേൽപിക്കുന്നതിനെ കുറിച്ചുമാണ് തന്റെ കഥകളിൽ വരച്ചുകാട്ടുന്നതെന്ന് ബാനു പറയുന്നു.
പുരുഷാധിപത്യത്തിനെതിരെ പോരാടിയ ചരിത്രം ബാനുവിന്റെ ജീവിതത്തിലുമുണ്ട്. സമൂഹത്തിന്റെ നിയമാവലികൾ തള്ളിക്കളഞ്ഞുകൊണ്ട് ഇഷ്ടപ്പെട്ട് പുരുഷനെയാണ് ബാനു വിവാഹം കഴിച്ചത്. സ്കൂൾ കാലത്താണ് ബാനു തന്റെ ആദ്യ ചെറുകഥ എഴുതിയത്. 26ാം വയസിൽ ആദ്യ ചെറുകഥ കന്നഡ മാസികയിൽ വെളിച്ചം കണ്ടു. മകളുടെ എഴുത്തിനെ പിതാവ് വളരെയധികം പ്രോത്സാഹിപ്പിച്ചു.
കർണാടകയിലെ പുരോഗമന സംഘടനകളിൽ ബാനു ആകൃഷ്ടയായിരുന്നു. ആറു ചെറുകഥ സമാഹാരങ്ങളും ഒരു നോവലും ഒരു ലേഖനസമാഹാരവും എഴുതിയിട്ടുണ്ട് ബാനു മുഷ്താഖ്. കർണാടക സാഹിത്യ അക്കാദമി അവാർഡ്, നാദാ ചിന്താമണി അത്തിമാബെ അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

