ഇന്ത്യൻ ആർമിയെ കല്യാണത്തിന് ക്ഷണിച്ച് മലയാളികളായ നവവധുവും വരനും; സേനയുടെ മറുപടി ഇങ്ങനെ
text_fieldsന്യൂഡൽഹി: തങ്ങളുടെ കല്യാണത്തിന് ഇന്ത്യൻ ആർമിക്ക് ക്ഷണക്കത്തയച്ച് തിരുവനന്തപുരം സ്വദേശികളായ രാഹുലും കാർത്തികയും. കല്യാണക്കുറിക്കൊപ്പം ഒരു കത്തും കൂടെ ചേർത്താണ് വരനും വധുവും ഇന്ത്യൻ ആർമിയെ വിവാഹത്തിന് ക്ഷണിച്ചത്. പട്ടാളക്കാരുടെ ത്യാഗത്തിന് കുറിപ്പിലൂടെ അവർ നന്ദി പറഞ്ഞു.
കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
"പ്രിയ യോദ്ധാക്കളെ,
നവംബർ 10ന് ഞങ്ങൾ വിവാഹിതരാവുകയാണ്. നിങ്ങളുടെ സ്നേഹത്തിനും, നിശ്ചയദാർഢ്യത്തിനും, ദേശസ്നേഹത്തിനും ഞങ്ങൾ നന്ദിയുള്ളവരാണ്. ഞങ്ങളെ സുരക്ഷിതരാക്കിയതിന് കടപ്പെട്ടിരിക്കുന്നു. നിങ്ങൾ കാരണമാണ് ഞങ്ങൾ സമാധാനത്തോടെ ഉറങ്ങുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ ദിനങ്ങൾ തന്നതിന് നന്ദി. നിങ്ങൾ കാരണമാണ് ഞങ്ങൾ വിവാഹിതരാകുന്നത്. വിവാഹത്തിന് നിങ്ങളെ ക്ഷണിക്കുന്നതിൽ സന്തോഷം ഉണ്ട്."
കത്തും കുറിപ്പും ലഭിച്ചതോടെ ഇന്ത്യൻ ആർമി കല്യാണക്കുറിയും ഒപ്പമുണ്ടായിരുന്ന കത്തും തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ഒപ്പം വിവാഹത്തിന് ക്ഷണിച്ചതിന് സേന നന്ദിയും അറിയിച്ചു.
"വിവാഹത്തിന് ക്ഷണിച്ചതിന് രാഹുലിനും കാർത്തികക്കും നന്ദി. സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുന്നു"- ഇന്ത്യൻ ആർമി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലുമായി പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

