ന്യൂഡൽഹി: ഷോപിയാനിൽ മൂന്ന് യുവാക്കളെ സൈന്യം വധിച്ച സംഭവത്തിൽ നിയമലംഘനമുണ്ടായതായി ഇന്ത്യൻ ആർമി. സൈനികർ അഫ്സ്പ നിയമം ലംഘിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നും ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. ജൂലൈ 18ന് ഷോപിയാൻ ജില്ലയിൽ മൂന്ന് യുവാക്കളെ തീവ്രവാദികളെന്ന് ആരോപിച്ച് സൈന്യം വധിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് അന്വേഷണം നടത്തിയത്.
സൈനികതലത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തലുള്ളത്. യുവാക്കളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന ആരോപണവുമായി ഇവരുടെ കുടുംബങ്ങൾ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് സൈന്യവും ഇക്കാര്യം പരിശോധിക്കുകയായിരുന്നു.
1990ലെ അഫ്സ്പ നിയമത്തിൽ സൈന്യത്തിന് ചെയ്യാനാവുന്നതും അല്ലാത്തതുമായ കാര്യങ്ങൾ വ്യക്തമായി നിഷ്കർഷിച്ചിട്ടുണ്ട്. ഇതിൻെറ ലംഘനമുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാവുന്നതെന്ന് സൈന്യം അറിയിച്ചു. രജൗരിയിലെ താമസക്കാരായ ഇംതിയാസ് അഹമ്മദ്, അക്ബർ അഹമ്മദ്, മോഹദ് ഇബാറർ എന്നിവരെയാണ് സൈന്യം വധിച്ചത്.