ഇന്ത്യ തകർത്തത് 600 പാക് ഡ്രോണുകളെ; ആക്ടീവായത് ആയിരത്തിലേറെ ഗൺ സിസ്റ്റവും 750ഓളം മീഡിയം റേഞ്ച് മിസൈലുകളും
text_fieldsന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിന്‍റെ ഭാഗമായി ഇന്ത്യ തകർത്തത് പാകിസ്താനിൽ നിന്നുള്ള 600 ഡ്രോണുകളെ. പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഇക്കാര്യം ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ മികവായാണ് ഇതിനെ കണക്കാക്കുന്നത്.
ആയിരത്തിലേറെ ഗൺ സിസ്റ്റങ്ങളും 750ഓളം മീഡിയം റേഞ്ച് മിസൈലുകളാണ് ഇന്ത്യൻ വ്യോമപ്രതിരോധത്തിന്‍റെ ഭാഗമായി വിക്ഷേപിക്കപ്പെട്ടത്. സമാധാനപരമായ സാഹചര്യത്തിൽ നിന്നും വളരെ പെട്ടെന്നാണ് ഇന്ത്യയുടെ വ്യോമപ്രതിരോധം ഇത്രയേറെ സജീവമായത്.
മേയ് എട്ടിനും ഒമ്പതിനും പാക് ഡ്രോണുകൾ ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്നിരുന്നുവെന്ന് സൈന്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. വ്യോമപ്രതിരോധത്തിന്‍റെ ഭാഗമായി എസ്-400 മിസൈൽ സംവിധാനം, ബാറക്-8 മിസൈലുകൾ, ആകാശ് മിസൈലുകൾ, ആന്‍റി ഡ്രോൺ സംവിധാനങ്ങൾ എന്നിവയെയാണ് ഇന്ത്യ സജീവമാക്കി നിർത്തിയത്.
അതിനിടെ, ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങള്‍ ആക്രമിച്ചുവെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് സമ്മതിച്ചു. വെള്ളിയാഴ്ച സൈനികോദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിലായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന.
നൂര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ പാക് വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയ കാര്യം സൈനിക മേധാവി അസിം മുനീര്‍ തന്നെ വിളിച്ച് പറഞ്ഞുവെന്നാണ് ഷെഹബാസ് ഷെരീഫ് പറഞ്ഞത്. 'ജനറല്‍ മുനീര്‍ പുലര്‍ച്ചെ 2.30ന് എന്നെ നേരിട്ട് വിളിച്ച് ആക്രമണങ്ങളേക്കുറിച്ച് അറിയിച്ചു. നൂര്‍ഖാന്‍ ഉള്‍പ്പെടെ നമ്മുടെ എയര്‍ ബേസുകള്‍ ആക്രമിക്കപ്പെട്ടു. അത് വളരെ ആശങ്കാജനകമായ നിമിഷമായിരുന്നു' - പാക് പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

