സഹപ്രവർത്തകരുടെ ഭാര്യമാരുമായി വിവാഹേതര ബന്ധമെന്ന് ആരോപണം; മേജർക്ക് സൈന്യത്തിന്റെ നോട്ടീസ്
text_fieldsഡൽഹി: സഹസൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാരുൾപ്പെടെ നാല് സ്ത്രീകളുമായി വിവാഹേതര ബന്ധം പുലർത്തിയെന്ന ആരോപണത്തിൽ ഇന്ത്യൻ സൈന്യത്തിലെ മേജറെ സർവീസിൽനിന്ന് പുറത്താക്കാൻ നീക്കം. ഭാര്യയുടെ പരാതിയിൽ ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് സൈന്യത്തിന്റെ നടപടി. ഇതിനിടെ, ഭാര്യയുമായി വിവാഹമോചനം നേടുകയും പരാതി പിൻവലിക്കുകയും ചെയ്തിട്ടും അച്ചടക്കനടപടികളുമായി മുന്നോട്ടുപോകാനാണ് സൈന്യത്തിന്റെ തീരുമാനം. പുറത്താക്കൽ നീക്കത്തിനെതിരെ മേജർ സായുധസേന ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല.
ആർമി ചട്ടങ്ങളിലെ വിവധ വകുപ്പുകൾ പ്രകാരം ആഗസ്റ്റ് 10ന് മേജർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സൈനിക കോടതിയിലെ വിചാരണ നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നും ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിടാതിരിക്കാൻ തക്കതായ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. ഇതിനെതിരെ മേജർ ന്യൂഡൽഹിയിലെ സായുധസേന ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഒക്ടോബർ 14ന് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ലെഫ്റ്റനന്റ് ജനറൽ സി.പി. മൊഹന്തി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുമ്പോൾ എതിർപ്പുകൾ ഉന്നയിക്കാമെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. അതേസമയം, അന്വേഷണ റിപ്പോർട്ടും കുറ്റാരോപണങ്ങൾ സംബന്ധിച്ച ഹിയറിങ്ങിന്റെ രേഖകളും മേജർക്ക് കൈമാറാൻ സൈന്യത്തിന് നിർദേശം നൽകി.
2023 ആഗസ്റ്റിൽ മേജറുടെ അന്നത്തെ ഭാര്യ സൈനിക ആസ്ഥാനത്തിന് നൽകിയ പരാതിയാണ് നടപടികളിലേക്ക് വഴിവെച്ചത്. ഭർത്താവിന് നാല് സ്ത്രീകളുമായി വിവാഹേതര ബന്ധമുണ്ടെന്നും ഇതിൽ രണ്ടുപേർ സഹസൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാരാണെന്നുമായിരുന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 2023 ഒക്ടോബറിൽ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ 2025 മാർച്ചിൽ പ്രാഥമിക കുറ്റപത്രവും തയാറാക്കി.
എന്നാൽ, അന്വേഷണ നടപടികളിൽ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്നാണ് മേജറുടെ വാദം. ആരോപണങ്ങളിൽ പരാമർശിക്കുന്ന സ്ത്രീകളെയും അവരുടെ ഭർത്താക്കന്മാരെയും ചോദ്യം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും തന്റെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പെൻഡ്രൈവുകളും പിടിച്ചെടുത്തപ്പോഴും ഔദ്യോഗിക വസതിയിൽ പരിശോധന നടത്തുമ്പോഴും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ഉദ്യോഗസ്ഥൻ ആരോപിച്ചു. ഇതിനിടെ, 2026 മാർച്ച് 30ന് ജമ്മു കശ്മീരിലെ അനന്ത്നാഗ് കോടതിയുടെ ഉത്തരവുപ്രകാരം ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടിയിരുന്നു. വിവാഹമോചനത്തിനിടെ മുൻഭാര്യ ആദ്യ പരാതി പിൻവലിച്ചതായും ദാമ്പത്യപ്രശ്നങ്ങൾ രൂക്ഷമായ സമയത്താണ് പരാതി നൽകിയതെന്ന് അവർ വ്യക്തമാക്കിയതായും മേജർ ട്രൈബ്യൂണലിനെ അറിയിച്ചു.
പരാതി പിൻവലിച്ച സാഹചര്യത്തിൽ സർവിസിൽനിന്ന് പുറത്താക്കാനുള്ള നീക്കത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്നാണ് ഉദ്യോഗസ്ഥന്റെ വാദം. എന്നാൽ നടപടി നിർത്തിവെക്കാൻ ട്രൈബ്യൂണൽ തയാറായില്ല. അതേസമയം, മേജറെ സർവീസിൽനിന്ന് പുറത്താക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങൾ സൈനിക കോടതിയിലൂടെയോ അന്തിമ നിയമനടപടികളിലൂടെയോ ഇതുവരെ തെളിയിച്ചിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

