'ഇന്ത്യൻ ആർമിക്ക് ഒരു വലിയ സല്യൂട്ട്'; യുവതിയുടെ ചാർജ് തീർന്ന വാഹനം ഏറെ ദൂരം തള്ളി നീക്കി ചാർജിങ് സ്റ്റേഷനിൽ എത്തിച്ച് ജവാൻ, വൈറലായി വിഡിയോ
text_fieldsഇലക്ട്രിക് വാഹനവുമായി യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ബാറ്ററി ചാർജ് തീർന്ന് വഴിയിൽ കുടുങ്ങിയ യുവതിക്ക് തുണയായി എത്തിയ ഇന്ത്യൻ ആർമി ജവാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദീപികയുടെ വാഹനം അടുത്തുള്ള ചാർജിങ് സ്റ്റേഷനിലേക്ക് തള്ളിക്കൊണ്ടുപോകാനും, വാഹനം ചാർജ് ആയി സുരക്ഷിതമായി യാത്ര തുടരാനാകുമെന്ന് ഉറപ്പുവരുത്തുന്നതുവരെ അവിടെ കാത്തുനിൽക്കാനും അദ്ദേഹം കാണിച്ച സന്മനസ്സ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.
അന്ന് രാവിലെ 60 ശതമാനം ചാർജുമായാണ് യുവതി യാത്ര തുടങ്ങിയത്. എന്നാൽ തിരികെ വരുന്ന വഴിയിൽ ബാറ്ററി എത്രത്തോളം വേഗത്തിലാണ് തീരുന്നതെന്ന് കണക്കുകൂട്ടുന്നതിൽ ചെറിയൊരു പിഴവ് സംഭവിച്ചു. കാറിന്റെ എ.സി ഓഫാക്കിയിട്ടും വാഹനം പൂർണമായും നിലച്ചു. ബാറ്ററി 10 ശതമാനത്തിൽ നിന്ന് 2 ശതമാനത്തിലേക്ക് താഴ്ന്നപ്പോൾ തന്നെ അവർ സമീപത്തെ ചാർജിങ് സ്റ്റേഷനായി പരക്കം പാഞ്ഞെങ്കിലും ഫലമുണ്ടായില്ല. വാഹനം പൂർണമായും റോഡരികിൽ കിടന്ന് ഓഫായി.
ഒടുവിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന യുവതി വഴിയിലുണ്ടായിരുന്ന ഇന്ത്യൻ ആർമി ജവാൻ നരേന്ദ്രയോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. ആ ഉദ്യോഗസ്ഥൻ ഒരു മടിയുമില്ലാതെ വന്ന് ദീപികയുടെ കാർ തള്ളാൻ സഹായിച്ചു. കത്തുന്ന വെയിലിലും യാതൊരു പരാതിയുമില്ലാതെ അദ്ദേഹം കാർ ചാർജിങ് സ്റ്റേഷൻ വരെ തള്ളി എത്തിച്ചു. ഈ അനുഭവം ദീപിക തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചു. "ഇന്നത്തെ കാലത്ത് ആരും ആരെയും സഹായിക്കാൻ മുന്നോട്ട് വരാറില്ല, അങ്ങനെയുള്ള ലോകത്താണ് ഇദ്ദേഹത്തെപ്പോലെ ഒരാൾ സഹായിക്കാൻ എത്തിയത്. ഇന്ത്യൻ ആർമിക്ക് ഒരു വലിയ സല്യൂട്ട്," എന്ന് വൈകാരികമായി ദീപിക കുറിച്ചു.
വെറും തള്ളിക്കൊടുക്കലിൽ ഒതുങ്ങിയില്ല ആ സൈനികന്റെ സഹായം. വാഹനം ചാർജിംഗ് സ്റ്റേഷനിലെത്തിയിട്ടും ഏകദേശം 30 മിനിറ്റോളം അദ്ദേഹം അവിടെത്തന്നെ തുടർന്നു. വണ്ടിയിൽ ആവശ്യത്തിന് ചാർജ് കയറിയെന്നും, ദീപികയ്ക്ക് സുരക്ഷിതമായി യാത്ര തുടരാമെന്നും ഉറപ്പുവരുത്തിയ ശേഷമാണ് അദ്ദേഹം അവിടെനിന്ന് മടങ്ങിയത്. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും, അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ സേവനത്തെയും മനുഷ്യത്വത്തെയും വാനോളം പുകഴ്ത്തി നിരവധി പേർ കമന്റുകളുമായി എത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

