Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗസ്സ വംശഹത്യക്ക്...

ഗസ്സ വംശഹത്യക്ക് ഇന്ത്യൻ ആയുധം!; യുദ്ധകാലത്ത് 2,596 തവണ ആയുധങ്ങൾ ഇസ്രയേലിലേക്ക് അയച്ചതായി ആംനസ്റ്റി റിപ്പോർട്ട്

text_fields
bookmark_border
https://www.madhyamam.com/tags/india-israel
cancel
camera_alt

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും (ഫയൽചിത്രം)

ന്യൂഡൽഹി: ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്ക് സഹായമായി ഇന്ത്യയിൽ നിന്ന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും തുടർച്ചയായി എത്തുന്നുവെന്ന് വ്യക്തമാക്കി ആംനസ്റ്റി ഇന്റർനാഷണലിന്റെ പുതിയ റിപ്പോർട്ട്. 2023 ഒക്ടോബർ 7 മുതൽ ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് കുറഞ്ഞത് 2,596 ആയുധ, സൈനിക ഉപകരണ ഷിപ്പ്മെന്റുകൾ അയച്ചതായാണ് ആംനസ്റ്റി റിപ്പോർട്ടിൽ പറയുന്നത്. ‘മെയ്ഡ് ഇൻ ഇന്ത്യ: ഇസ്രയേലിലേക്ക് ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വിതരണം’ എന്ന തലക്കെട്ടിലാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.

റിപ്പോർട്ടനുസരിച്ച് ഇന്ത്യയിലെ വിവിധ കമ്പനികൾ ഇസ്രയേലിലേക്ക് കുറഞ്ഞത് 3.9 ലക്ഷം ചെറിയ ആയുധങ്ങളുടെ ഭാഗങ്ങൾ, 5.64 ലക്ഷം സ്ഫോടകായുധ ഘടകങ്ങൾ (ഡ്രോൺ വാർഹെഡുകൾ, ആർട്ടിലറി ഷെൽ കേസിംഗുകൾ തുടങ്ങിയവ), കൂടാതെ 298 സൈനിക വാഹന ഘടകങ്ങൾ എന്നിവ വിതരണം ചെയ്തു. ഇവ ഇസ്രയേൽ പ്രതിരോധ സേനക്ക് നേരിട്ട് ഉപകരണങ്ങൾ നൽകുന്ന പ്രമുഖ ഇസ്രയേൽ പ്രതിരോധ കമ്പനികൾക്കാണ് കൈമാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഗസ്സയിലെ സാഹചര്യം ലോകം മുഴുവൻ ദിവസേന കാണുമ്പോഴും ഇന്ത്യ ഇസ്രയേൽ സൈന്യത്തിനും പ്രതിരോധ മേഖലക്കും സഹായം നൽകുന്നത് തുടരുകയാണെന്ന് ആംനസ്റ്റി സെക്രട്ടറി ജനറൽ അഗ്‌നസ് കാലമാർഡ് പറഞ്ഞു. പ്രധാന വിതരണ കമ്പനികളിൽ ഇന്ത്യക്ക് നേരിട്ടുള്ള ഉടമസ്ഥതയും നിയന്ത്രണവുമുണ്ട്. സ്വകാര്യ കമ്പനികളുടെ ആയുധ കയറ്റുമതിയിൽ മാത്രമല്ല, ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുന്നതിലും ഇന്ത്യ മുന്നോട്ടുപോയി -അദ്ദേഹം കൂട്ടിച്ചേർത്തു.

2023 ഒക്ടോബർ 7 മുതൽ 2025 നവംബർ 30 വരെ ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് അയച്ച ആയുധങ്ങളും അനുബന്ധ സാമഗ്രികളും ആംനസ്റ്റി നടത്തിയ അന്വേഷണത്തിൽ വിശകലനം ചെയ്തിട്ടുണ്ട്. സിവിലിയൻ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ചില വസ്തുക്കളെയും മിസൈൽ പ്രതിരോധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളെയും റിപ്പോർട്ടിൽ ഒഴിവാക്കിയതായി സംഘടന വ്യക്തമാക്കി. അതേസമയം ഗസ്സയിൽ ഇസ്രയേൽ സേന ഉപയോഗിക്കുന്നതായി പറയപ്പെടുന്ന മെഷീൻഗണുകളുടെ ഘടകങ്ങൾ, 155 മില്ലീമീറ്റർ ഹൈ-എക്സ്പ്ലോസീവ് ആർട്ടിലറി ഷെല്ലുകൾ, സ്കൈസ്ട്രൈക്കർ ലൊയിറ്ററിങ് മ്യൂണിഷൻ സംവിധാനത്തിനായുള്ള സ്ഫോടക വാർഹെഡുകൾ, കവചവാഹനങ്ങളുടെ ഘടകങ്ങൾ എന്നിവ വിതരണം ചെയ്തതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇവയിൽ ചിലത് ഗസ്സയിലെ ഖാൻ യൂനിസിൽ കണ്ടെത്തിയ ആയുധാവശിഷ്ടങ്ങളുമായി സാമ്യമുള്ളവയാണെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

ഗസ്സയിൽ ഫലസ്തീനികൾക്കെതിരായ ‘വംശഹത്യയുടെ സാധ്യത’യെക്കുറിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി മുൻകൂട്ടി മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, ഇസ്രയേലിലേക്ക് ആയുധങ്ങൾ കൈമാറുന്നത് അന്താരാഷ്ട്ര നിയമലംഘനങ്ങൾക്ക് കാരണമാകാമെന്ന അപകടസാധ്യത ഇന്ത്യ അവഗണിച്ചുവെന്നും ആംനസ്റ്റി പറയുന്നു. ഇസ്രയേലിലേക്ക് ആയുധങ്ങൾ കൈമാറാൻ അനുമതി നൽകുകയും അതിന് സൗകര്യമൊരുക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യ വംശഹത്യ തടയാനുള്ള ബാധ്യതയും ജനീവ കൺവെൻഷനുകൾ പ്രകാരമുള്ള ഉത്തരവാദിത്വവും ലംഘിക്കുകയാണെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയിൽ ആയുധ കയറ്റുമതിയുടെ കാര്യത്തിൽ ആവശ്യമായ നിയന്ത്രണ സംവിധാനങ്ങളില്ലാത്തതിനെയും റിപ്പോർട്ട് വിമർശിക്കുന്നുണ്ട്. മനുഷ്യാവകാശ പരിശോധനകൾ നിർബന്ധമാക്കുന്ന വ്യക്തമായ വ്യവസ്ഥകൾ നിലവിലില്ലെന്നും, കയറ്റുമതി നടപടിക്രമങ്ങളിൽ ആവശ്യമായ സുതാര്യത ഇല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2026 ജൂൺ, ജൂലൈ മാസങ്ങളിൽ ഇന്ത്യൻ സർക്കാരിനും റിപ്പോർട്ടിൽ പേരെടുത്ത ഒമ്പത് കമ്പനികൾക്കും ആംനസ്റ്റി വിശദമായ കത്തുകൾ അയച്ചതായി സംഘടന വ്യക്തമാക്കി.

എന്നാൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ച സമയംവരെ ഈ കത്തുകൾക്ക് ഔദ്യോഗിക മറുപടി ലഭിച്ചിട്ടില്ലെന്നാണ് ആംനസ്റ്റി പറയുന്നത്. ഇസ്രയേലിലേക്ക് നേരിട്ടോ പരോക്ഷമായോ ആയുധങ്ങളും സൈനിക സാങ്കേതികവിദ്യകളും കൈമാറുന്നത് പൂർണമായി നിർത്താൻ എല്ലാ രാജ്യങ്ങളും സ്വകാര്യ സ്ഥാപനങ്ങളും മുന്നോട്ടുവരണമെന്ന് ആംനസ്റ്റി ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ അധിനിവേശ നയങ്ങൾക്കും അന്താരാഷ്ട്ര നിയമലംഘനങ്ങൾക്കും പിന്തുണ നൽകുന്ന സാഹചര്യം അവസാനിക്കുന്നതുവരെ സമഗ്രമായ ആയുധ ഉപരോധം ഏർപ്പെടുത്തണമെന്നും സംഘടന ആഹ്വാനം ചെയ്തു. ആംനസ്റ്റിയുടെ റിപ്പോർട്ടിലെ ആരോപണങ്ങളോട് സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsGaza GenocideIndian ArmsArm Sale to IsraelAmnesty International Report
News Summary - ഇസ്രയേലിലേക്ക് ഇന്ത്യ ആയുധങ്ങൾ അയച്ചതായി ആംനസ്റ്റി റിപ്പോർട്ട്
Next Story