പറക്കുന്നതിനിടെ അലാസ്ക എയറിന്റെ ഡോർ തകർന്ന സംഭവം; പരിശോധനക്ക് നിർദേശം നൽകി ഡി.ജി.സി.എ
text_fieldsന്യൂഡഹൽഹി: പറക്കുന്നതിനിടെ അലാസ്ക എയറിന്റെ ഡോർ തകർന്ന സംഭവത്തിൽ ഇന്ത്യയിലെ കമ്പനികളോട് വിമാനങ്ങൾ പരിശോധിക്കാൻ നിർദേശിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ബോയിങ് 737-8മാക്സ് വിമാനങ്ങളിൽ പരിശോധന നടത്താനാണ് നിർദേശം. പോർട്ട്‍ലാൻഡിൽ നിന്നും ഒൻടാരിയോയിലേക്ക് പറക്കുകയായിരുന്ന അലാസ്ക എയറിന്റെ ബോയിങ് 737-9മാക്സ് വിമാനത്തിന്റെ ഡോറാണ് തകർന്നത്. തുടർന്ന് വിമാനം അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.
നിലവിൽ ഇന്ത്യയിൽ ഒരു കമ്പനിയും ബോയിങ് 737-9 മാക്സ് വിമാനങ്ങൾ ഉപയോഗിക്കുന്നില്ല. എന്നാൽ, ഇന്ത്യയിൽ വിവിധ വിമാന കമ്പനികൾ 43 ബോയിങ് 737 മാക്സ് വിമാനങ്ങൾ സർവീസിനായി ഉപയോയിക്കുന്നുണ്ട്. ഇതിൽ 22 എണ്ണം ആകാശ എയറിന്റെ കൈയിലാണ്. 13 എണ്ണം സർവീസിനായി ഉപയോഗിക്കുന്നത് സ്പൈസ്ജെറ്റാണ്. എട്ടെണ്ണം എയർ ഇന്ത്യ എക്സ്പ്രസും സർവീസിന് ഉപയോഗിക്കുന്നു.
വിമാനത്തിന്റെ ഡോർ തകർന്ന സംഭവത്തിന് പിന്നാലെ ബോയിങ് മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ലെന്ന് ഡി.ജി.സി.എ വ്യക്തമാക്കി. ഇന്ത്യൻ കമ്പനികളൊന്നും ബോയിങ് 737-9മാക്സ് വിമാനങ്ങൾ ഉപയോഗിക്കുന്നില്ല. എന്നാൽ, മുൻകരുതലിന്റെ ഭാഗമായി ബോയിങ് 737-8 മാക്സ് വിമാനങ്ങളുടെ എമർജൻസി എക്സിറ്റിൽ ഒറ്റത്തവണ പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ടെന്ന് ഡി.ജി.സി.എ അറിയിച്ചു.
ബോയിങ് 737-9മാക്സ് വിമാനങ്ങൾ കൈവശമില്ലെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു. അതേസമയം ഡി.ജി.സി.എ നിർദേശപ്രകാരം ബോയിങ് 737-8മാക്സ് വിമാനങ്ങളിൽ പരിശോധന നടത്തുമെന്ന് സ്പൈസ്ജെറ്റ് വക്താവ് പറഞ്ഞു. അലാസ്ക എയർലൈൻ വിമാനം 1282ന് സംഭവിച്ച അപകടത്തെ കുറിച്ച് ബോധ്യമുണ്ടെന്ന് ആകാശ എയർലൈൻ അറിയിച്ചു. ഇതിന് പിന്നാലെ വിമാനത്തിന്റെ നിർമാതാക്കളായ ബോയിങ്ങുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നിലവിൽ ആകാശ എയറിന് 737-9മാക്സ് വിമാനങ്ങളില്ല. ഡി.ജി.സി.എ നിർദേശപ്രകാരം 737-8മാക്സ് വിമാനത്തിൽ പരിശോധന നടത്തുമെന്ന് കമ്പനി അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസും ബോയിങ്ങുമായി ബന്ധപ്പെടുന്നുണ്ടെന്നും ഡി.ജി.സി.എ നിർദേശം പാലിക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

