Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2027ൽ ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും: ഐ.എം.എഫ്

text_fields
bookmark_border
2027ൽ ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും: ഐ.എം.എഫ്
cancel

ന്യൂഡൽഹി: 2027ൽ ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) പ്രവചനം. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഈ വിലയിരുത്തൽ. 2026ലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം ഐ.എം.എഫ് ഏഴ് ശതമാനമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച പുറത്തിറക്കിയ ഐ.എം.എഫിന്റെ ഏഷ്യ-പസഫിക് മേഖലയിലെ സാമ്പത്തിക അവലോകനത്തിലാണ് പുതിയ പ്രവചനമുള്ളത്. നിലവിൽ അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ. ചൈനയും ജർമനിയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. അതേസമയം, ജപ്പാൻ സാമ്പത്തിക വളർച്ചയിലെ മന്ദഗതിയും ഉയർന്ന ഊർജവിലയും പ്രായമായിക്കൊണ്ടിരിക്കുന്ന ജനസംഖ്യയും ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുകയാണ്. 2026ൽ ജപ്പാന്റെ സമ്പദ്‌വ്യവസ്ഥ 0.7 ശതമാനം മാത്രമേ വളരുകയുള്ളൂവെന്നാണ് ഐ.എം.എഫിന്റെ കണക്കുകൂട്ടൽ.

2022 മുതൽ ജപ്പാനിൽ ഉപഭോക്തൃവിലകൾ തുടർച്ചയായി ഉയരുകയാണ്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ഊർജവില വർധിച്ചതും പണപ്പെരുപ്പ സമ്മർദം കൂട്ടി. അമേരിക്കൻ ഡോളറിനെതിരെ ജാപ്പനീസ് കറൻസിയായ യെന്നിന്റെ മൂല്യം കുറഞ്ഞതോടെ ഇറക്കുമതി ചെലവും വർധിച്ചു. രാജ്യത്തെ പ്രായമായിക്കൊണ്ടിരിക്കുന്ന ജനസംഖ്യയും സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.

എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലെ വർധിച്ച നിക്ഷേപം ജപ്പാന് നേട്ടമുണ്ടാക്കുന്നുണ്ടെന്ന് ഐ.എം.എഫിന്റെ ഏഷ്യ-പസഫിക് വിഭാഗം ഡയറക്ടർ കൃഷ്ണ ശ്രീനിവാസൻ പറഞ്ഞു. മേഖലയിലെ മറ്റു ചില സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് ഈ നേട്ടം പരിമിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ജി.ഡി.പി കണക്കുകൂട്ടൽ രീതിക്ക് ഐ.എം.എഫിന്റെ അംഗീകാരം

ഇന്ത്യയുടെ പുതുക്കിയ മൊത്ത ആഭ്യന്തര ഉൽപ്പാദന (ജിഡിപി) കണക്കുകൂട്ടൽ രീതിയെയും ഐ.എം.എഫ് സ്വാഗതം ചെയ്തു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും ഐ.എം.എഫിന്റെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം നൽകിയ നിർദേശങ്ങൾക്കും അനുസൃതമാണ് മാറ്റങ്ങളെന്ന് കൃഷ്ണ ശ്രീനിവാസൻ പറഞ്ഞു. ജി.ഡി.പി കണക്കുകൾ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിച്ച കേന്ദ്ര സ്ഥിതിവിവരക്കണക്ക്-പദ്ധതി നിർവഹണ മന്ത്രാലയത്തെയും അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യയുടെ വളർച്ചാ കണക്കുകളെക്കുറിച്ച് നേരത്തേ വിമർശനങ്ങൾ ഉയർന്നിരുന്നു. ജൂൺ പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.8 ശതമാനം വളർച്ച രേഖപ്പെടുത്തിയതായാണ് സർക്കാർ കണക്ക്. എന്നാൽ, മുൻവർഷത്തെ കണക്കുകളിൽ മാറ്റം വരുത്തിയതിലൂടെ വളർച്ചാനിരക്ക് കൃത്രിമമായി ഉയർത്തിയെന്ന ആരോപണവുമായി മുൻ ധനകാര്യ സെക്രട്ടറി എസ്.സി. ഗാർഗ് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ പാർട്ടികളും കണക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്തു.

എന്നാൽ, വിമർശനങ്ങളെ ചീഫ് ഇക്കണോമിക് അഡ്വൈസർ വി. അനന്ത നാഗേശ്വരൻ തള്ളി. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ അടിസ്ഥാന വർഷമാക്കിയാണ് പുതിയ കണക്കുകൾ തയ്യാറാക്കിയതെന്നും രീതിശാസ്ത്രത്തിലെ മാറ്റങ്ങൾ മുൻവർഷത്തെ ത്രൈമാസ വളർച്ചാ കണക്കുകളിലും പരിഷ്കരണത്തിന് കാരണമായെന്നും അദ്ദേഹം വിശദീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India to Overtake Japan to Become World's Fourth-Largest Economy by 2027: IMF
Next Story