Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെളുക്കാൻ വാരിതേക്കല്ലേ... പാക് നിർമിത ഫെയർനെസ് ക്രീമുകൾക്കെതിരെ രാജ്യവ്യാപക മുന്നറിയിപ്പ്; ഹെവി മെറ്റലുകൾ ആരോഗ്യ പ്രശ്നമുണ്ടാക്കും

text_fields
bookmark_border
വെളുക്കാൻ വാരിതേക്കല്ലേ... പാക് നിർമിത ഫെയർനെസ് ക്രീമുകൾക്കെതിരെ രാജ്യവ്യാപക മുന്നറിയിപ്പ്; ഹെവി മെറ്റലുകൾ ആരോഗ്യ പ്രശ്നമുണ്ടാക്കും
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: അനുവദനീയ പരിധിയേക്കാൾ കൂടുതൽ ലോഹ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പാകിസ്താനിൽ നിർമിച്ച രണ്ട് ഫെയർനെസ് ക്രീമുകൾക്കെതിരെ രാജ്യവ്യാപക ആരോഗ്യ മുന്നറിയിപ്പ്. ഗോറി ബ്യൂട്ടി ക്രീം, ചാന്ദ്നി വൈറ്റനിങ് ക്രീം എന്നീ ഉൽപന്നങ്ങൾക്കെതിരെയാണ് കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ) മുന്നറിയിപ്പ്.

ഈ രണ്ട് ഉൽപന്നങ്ങൾക്കെതിരെ സെപ്റ്റംബർ എട്ടിനാണ് സി.ഡി.എസ്.സി.ഒ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ഫെയർനെസ് ക്രീമുകളിൽ അനധികൃത സൗന്ദര്യവർധക വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇന്ത്യയിൽ വിൽപന നടത്തുന്നതിന് ആവശ്യമായ ഇറക്കുമതി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഈ ക്രീമുകൾക്ക് ലഭിച്ചിട്ടില്ലെന്നും പരിശോധനയിൽ നിശ്ചിത പരിധിക്ക് മുകളിലുള്ള ഹെവി മെറ്റലുകൾ (ഘന ലോഹങ്ങൾ) കണ്ടെത്തിയെന്നും അധികൃതർ വ്യക്തമാക്കി.

ഗോറി ബ്യൂട്ടി ക്രീമും ചാന്ദ്നി വൈറ്റനിങ് ക്രീമും വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നാണ് സി.ഡി.എസ്.സി.ഒ നൽകിയ നിർദേശം. ഇതിനകം വാങ്ങിയിട്ടുണ്ടെങ്കിൽ ഉപയോഗം ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്. ഉൽപന്നങ്ങളുടെ വിൽപന, വിതരണം, പരസ്യം എന്നിവ തടയാൻ സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ ഡ്രഗ്സ് കൺട്രോളർമാർക്കും സി.ഡി.എസ്.സി.ഒയുടെ വിവിധ സോണൽ, സബ് സോണൽ, പോർട്ട് ഓഫീസുകൾക്കും നിർദേശം നൽകുകയും ചെയ്തു.

ഇന്ത്യയിൽ വിൽപന നടത്തുന്ന ഇറക്കുമതി ചെയ്ത കോസ്മെറ്റിക് ഉൽപന്നങ്ങൾക്ക് രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നിയമപരമായ നടപടികൾ പാലിക്കണം. എന്നാൽ, ഈ രണ്ട് ഉൽപന്നങ്ങൾക്കും ആവശ്യമായ ഇറക്കുമതി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ഈ ക്രീമുകൾ ദീർഘകാലം ഉപയോഗിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. മെർകുറി പോലുള്ള ഘടകങ്ങൾ ദീർഘകാലം ശരീരത്തിൽ എത്തുന്നത് വൃക്കകളെയും നാഡീവ്യവസ്ഥയെയും ബാധിക്കും. എന്നാൽ ഗോറി, ചാന്ദ്നി ക്രീമുകളിൽ ഏത് ഹെവി മെറ്റലുകളാണ് കണ്ടെത്തിയതെന്നും അവയുടെ അളവ് എത്രയാണെന്നും സി.ഡി.എസ്.സി.ഒയുടെ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, കോസ്മെറ്റിക് ഉൽപന്നങ്ങൾ വാങ്ങുമ്പോൾ നിർമാതാവിന്റെ വിവരങ്ങൾ, ബാച്ച് നമ്പർ, നിർമാണ -കാലാവധി വിവരങ്ങൾ, ഇറക്കുമതി ചെയ്ത ഉൽപന്നമാണെങ്കിൽ ആവശ്യമായ രജിസ്ട്രേഷൻ വിവരങ്ങൾ എന്നിവ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഈ രണ്ട് ക്രീമുകൾ ഇന്ത്യയിലെത്തിയത് എങ്ങനെയാ​ണെന്നോ വിതരണവും ഇറക്കുമതിയും ചെയ്യുന്നത് ആരാണെന്നും സി.ഡി.എസ്.സി.ഒയുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടില്ല.

ഗോറി ബ്യൂട്ടി ക്രീമോ ചാന്ദ്നി വൈറ്റനിങ് ക്രീമോ ഉപയോഗിച്ചിട്ടുള്ളവർ ഇനി ഉപയോഗിക്കുന്നത് ഒഴിവാക്കണം. ചർമത്തിൽ തുടർച്ചയായ അസ്വസ്ഥത, വീക്കം, അസാധാരണമായ നിറമാറ്റം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടണം. ക്രീമിന്റെ പാക്കറ്റ് ലഭ്യമാണെങ്കിൽ ഡോക്ടറെ കാണുമ്പോൾ അത് കൈവശം വെക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India Alerts Against Pakistan Made Fairness Creams Over Heavy Metals
Next Story