ന്യൂഡൽഹി: ഇന്ത്യയിൽ വാക്സിൻ വിതരണം നടത്തുന്നതിന് മുമ്പ് കമ്പനികൾ പ്രാദേശികതലത്തിൽ പഠനം നടത്തണമെന്ന് അധികൃതർ. ഫൈസർ ഉൾപ്പടെയുള്ള കമ്പനികൾ കോവിഡ് വാക്സിൻ വിതരണത്തിന് സർക്കാറിന് മുമ്പാകെ അനുമതി തേടുന്നതിന് മുമ്പ് രാജ്യത്ത് പഠനം നടത്തണമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ റോയിേട്ടഴ്സിനോട് പറഞ്ഞു.
ഓക്സ്ഫെഡ് യൂനിവേഴ്സിറ്റിയും ആസ്ട്ര സെനിക്കയും സംയുക്തമായി വികസിപ്പിച്ച വാക്സിനായ കോവിഷീൽഡ് ഇന്ത്യയിൽ 1500 പേരിൽ പരീക്ഷിച്ചിരുന്നു. അതിന് ശേഷമാണ് ജനുവരി മൂന്നിന് അനുമതി നൽകിയത്. വാക്സിൻ നിർമാതാക്കളായ ഫൈസറും ഇത്തരത്തിൽ പരീക്ഷണം നടത്തണമെന്നാണ് സർക്കാറിന്‍റെ ആവശ്യം.
അതേസമയം, ഇക്കാര്യത്തിൽ പ്രതികരണം നടത്താൻ ഫൈസർ തയാറായിട്ടില്ല. ഇന്ത്യയിൽ വാക്സിൻ അനുമതിക്കായി ഫൈസറും അപേക്ഷ നൽകിയിരുന്നു. എന്നാൽ, കമ്പനിക്ക് ഇതുവരെ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. ഫൈസറിന്‍റെ വാക്സിൻ സൂക്ഷിക്കുന്നതിന് ആധുനികമായ സൗകര്യങ്ങളും ആവശ്യമാണ്. അത് ഒരുക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് സൂചന.