ഇന്ത്യ-യു.എസ് വ്യാപാര കരാർ: വിമർശനം കടുപ്പിച്ച് രാഹുൽ ഗാന്ധി; കരാർ ഏപ്രിലിൽ പ്രാബല്യത്തിലായേക്കും
text_fieldsന്യൂഡൽഹി: ഇളവുകൾ അങ്ങോട്ട് കൊടുത്ത് ഇങ്ങോട്ട് ഇന്ത്യക്ക് യാതൊരു നേട്ടവുമില്ലാത്ത വ്യാപാര കരാറിന് അമേരിക്കക്ക് മുന്നിൽ പ്രധാനമന്ത്രി മുട്ടുമടക്കിയത് സമ്മർദം മൂലമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ വ്യാപാര കരാർ ഇന്ത്യയെ ഡേറ്റ കോളനിയാക്കി മാറ്റുമെന്ന് സമൂഹമാധ്യമമായ എക്സിലെ പോസ്റ്റിൽ അദ്ദേഹം മുന്നറിയിപ്പ് നൽകി.
കരാറിലൂടെ രാജ്യത്തെ വിറ്റു തുലയ്ക്കുകയാണെന്ന, തന്റെ പാർലമെന്റ് പ്രസംഗത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു. അമേരിക്കയെ സന്തോഷിപ്പിക്കാൻ നമ്മുടെ കർഷകരുടെ താൽപര്യങ്ങൾ ബലി കഴിച്ചതും നമ്മൾ ഇന്ധനം വാങ്ങുന്ന കാര്യം തീരുമാനിക്കാൻ അമേരിക്കയെ അനുവദിച്ചതും എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. അമേരിക്കയിൽനിന്നുള്ള ഇറക്കുമതി വർഷം തോറും 100 ശതകോടി ഡോളർ ആക്കി ഉയർത്താൻ സമ്മതിച്ചപ്പോൾ തിരിച്ച് നമുക്കെന്ത് ഗുണമാണ് ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
വലിയ തുക ചെലവിട്ട് ഉണ്ടാക്കിയെടുത്ത മോദിയുടെ പ്രതിഛായക്കു മേലാണ് പിടിത്തം വീണത്. ആ പ്രതിഛായയുടെ നിയന്ത്രണം ഇപ്പോൾ അമേരിക്കയുടെ കൈകളിലാണെന്നും അതിന്റെ കെടുതികളാണ് ഇന്ത്യയിലെ കർഷകർ അനുഭവിക്കാൻ പോകുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതിലും പ്രധാനമാണ് നമ്മുടെ ഡേറ്റയുടെ കാര്യം. തുച്ഛലാഭത്തിനു മോദി നമ്മുടെ ഡേറ്റ അമേരിക്കക്കും അമേരിക്കൻ കമ്പനികൾക്കും വിട്ടുകൊടുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കബഡിയിൽ എതിരാളി പിടി മുറുക്കുന്നതുപോലെ മോദിക്കുമേൽ സമ്മർദം ഉണ്ടായെന്നുള്ള പാർലമെന്റ് പ്രസംഗത്തിലെ പരാമർശം രാഹുൽ ഗാന്ധി ആവർത്തിച്ചു. സ്പോർട്സിൽ എതിരാളിയെ ഒതുക്കാൻ ചെയ്യുന്ന കടുംപിടിത്തം രാഷ്ട്രീയ രംഗത്തും ഉണ്ടാകാറുണ്ട്. കളിയിൽ അങ്ങനെ പിടിക്കുന്നത് എല്ലാവർക്കും കാണാം, പക്ഷേ, രാഷ്ട്രീയത്തിലെ പിടിത്തം ആരും കാണില്ല എന്നതാണ് വ്യത്യാസമെന്ന് രാഹുൽ പറഞ്ഞു. ഒരു വശത്ത് ബിസിനസുകാരൻ ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കേസ് നടക്കുന്നതും, മറ്റൊരു വശത്ത് എപ്സ്റ്റീൻ ഫയലിലെ വെളിപ്പെടുത്തലുമാണ് പ്രധാനമന്ത്രിയെ സമ്മർദത്തിലാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കരാർ ഏപ്രിലിൽ പ്രാബല്യത്തിലായേക്കും
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ മാർച്ചിൽ ഒപ്പുവെച്ച് ഏപ്രിലിൽ പ്രാബല്യത്തിൽ വന്നേക്കുമെന്ന് വാണിജ്യവകുപ്പ് മന്ത്രി പീയൂഷ് ഗോയൽ. കരാറിന്റെ നിയമരേഖക്ക് അന്തിമരൂപം നൽകാനുള്ള മൂന്നു ദിവസത്തെ ഉദ്യോഗസ്ഥതല ചർച്ചകൾ ഫെബ്രുവരി 23ന് ആരംഭിക്കും. വ്യാപാര കരാറിനുള്ള ചട്ടക്കൂടിന് അന്തിമരൂപം നൽകിക്കൊണ്ട് ഇരു രാജ്യങ്ങളും ഈ മാസം ആദ്യമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

