വ്യാപാരക്കരാർ അന്തിമരൂപത്തിലേക്ക്; ഇന്ത്യയിലെത്തുംമുമ്പ് സൂചന നൽകി അമേരിക്കൻ വിദേശകാര്യ സെക്രട്ടറി
text_fieldsന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാർ അന്തിമരൂപത്തിലേക്ക് അടുക്കുകയാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യ സന്ദർശനത്തിന്റെ തൊട്ടുമുമ്പാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ന് ഇന്ത്യയിലെത്തുന്ന മാർകോ റൂബിയോ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി മുംബൈയിൽ ചർച്ചകൾ നടത്തും.
ഇന്ത്യയുമായുള്ള വ്യാപാര കരാറിന് അന്തിമരൂപം നൽകാനാണ് ശ്രമിക്കുന്നതെന്നും അതിനോട് വളരെ അടുത്തെത്തിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ദേശീയ സുരക്ഷ ഇളവുകളുടെ കാര്യത്തിൽ പ്രസിഡന്റാണ് തീരുമാനം എടുക്കുക. ഓരോ രാജ്യത്തിനും സങ്കീർണമായ സാഹചര്യങ്ങൾ ഉണ്ടെന്നും അത് കണക്കിലെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ചില രാജ്യങ്ങളുടെ കാര്യത്തിൽ ഇന്ധന ലഭ്യതക്ക് ബദൽ മാർഗങ്ങൾ എളുപ്പമല്ല. അത് അവരുടെ കുഴപ്പമല്ല. പക്ഷെ വിദേശ നയം ആവിഷ്കരിക്കുമ്പോൾ എല്ലാം സന്തുലിതമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യാപാര കരാർ സംബന്ധിച്ച് ഇരുരാജ്യങ്ങളും ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്.
എസ്. ജയശങ്കറുമായി റൂബിയോ നടത്തുന്ന സംഭാഷണങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപര ആഗോള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലായിരിക്കും ഊന്നൽ. ഊർജം, വ്യാപാരം, ഉരുത്തിരിയുന്ന സാങ്കേതികവിദ്യകൾ എന്നിവയും, ഉഭയകക്ഷി സഹകരണത്തിന്റെ മറ്റ് മേഖലകളും ചർച്ചകളിൽ ഇടംനേടും.
അതേസമയം, മെട്രോ റെയിൽ, അതിവേഗ റെയിൽപാതകൾ, തുരങ്കനിർമാണം തുടങ്ങിയ പദ്ധതികൾക്ക് ആവശ്യമായ ടണൽ ബോറിങ് മെഷീനുകൾ (ടി.ബി.എം) ഉൾപ്പെടെയുള്ള സുപ്രധാന യന്ത്രങ്ങളുടെ കയറ്റുമതിക്ക് ചൈന പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ചൈനീസ് യന്ത്രങ്ങളെയും സാങ്കേതികവിദ്യയെയും ആശ്രയിക്കുന്ന ഇന്ത്യയിലെ വൻകിട നിർമാണ പദ്ധതികൾക്ക് തീരുമാനം തിരിച്ചടിയായേക്കും.
രാജ്യത്തെ വിവിധ നഗരങ്ങളിൽ പുരോഗമിക്കുന്ന ഭൂഗർഭ മെട്രോ പദ്ധതികൾ, അതിവേഗ റെയിൽപാതകൾ, അതിർത്തി മേഖലകളിലടക്കം നിർമിക്കുന്ന തുരങ്കങ്ങൾ എന്നിവയെ നിയന്ത്രണങ്ങൾ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

