Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ - യു.എസ്...

ഇന്ത്യ - യു.എസ് വ്യാപാര കരാർ: കാർഷിക, ക്ഷീരോൽപന്നങ്ങളെ ഒഴിവാക്കുമെന്ന് മന്ത്രി

text_fields
bookmark_border
ഇന്ത്യ - യു.എസ് വ്യാപാര കരാർ: കാർഷിക, ക്ഷീരോൽപന്നങ്ങളെ ഒഴിവാക്കുമെന്ന് മന്ത്രി
cancel

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഇന്ത്യയുടെ അയൽരാജ്യങ്ങളുടെ കരാറുകളെ അപേക്ഷിച്ച് ഏറ്റവും മികച്ചതാണെന്നും ഇന്ത്യക്ക് നിർണായകമായ കാർഷിക വിളകളെയും ക്ഷീരോൽപന്നങ്ങളെയും ഇറക്കുമതിയിൽ നിന്ന് ഒഴിവാക്കുമെന്നും വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ അവകാശപ്പെട്ടു. പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമൂഹമാധ്യമത്തിലൂടെ തിങ്കളാഴ്ച പ്രഖ്യാപിച്ച വ്യാപാര കരാറുമായി ബന്ധപ്പെട്ട് ലോക്സഭയിൽ പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി.

ഇന്ത്യക്കു മേൽ ചുമത്തിയ 25 ശതമാനമെന്ന പകരം തീരുവ 18 ശതമാനമാക്കി കുറക്കാൻ അമേരിക്ക സമ്മതിച്ചിട്ടുണ്ടെന്നും അധിക പിഴ തീരുവയായി ഏർപ്പെടുത്തിയ 25 ശതമാനം അപ്പാടെ ഒഴിവാക്കുകയും ചെയ്യുമെന്നും അദ്ദേഹം തുടർന്നു. എന്നാൽ, അമേരിക്കയോട് ഇന്ത്യ എന്തൊക്കെ സമ്മതിച്ചിട്ടുണ്ടെന്ന വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും പീയൂഷ് ഗോയൽ അറിയിച്ചു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്നും, വെനിസ്വേലയിൽ നിന്നുള്ള വാങ്ങൽ കൂട്ടുമെന്നും, അമേരിക്കയിൽ നിന്നുള്ള മൊത്തം ഇറക്കുമതി വർധിപ്പിക്കുമെന്നുമുള്ള ട്രംപിന്‍റെ അവകാശവാദത്തെക്കുറിച്ചും വിശദാംശങ്ങൾ നൽകിയില്ല.

പ്രധാനമന്ത്രി എപ്പോഴും കാർഷിക, ക്ഷീര മേഖലകളെ സംരക്ഷിച്ചിട്ടുണ്ടെന്നും, കർഷകരുടെ താൽപര്യങ്ങളിൽ വിട്ടുവീഴ്ച വരുത്തില്ലെന്നും മന്ത്രി വാർത്താലേഖകരോട് സംസാരിക്കവെ അറിയിച്ചു.

പ്രതിപക്ഷം ബഹളം വെച്ചതു കൊണ്ടാണ് സഭയിൽ പറയാതെ ഈ വിവരങ്ങൾ വാർത്താ സമ്മേളനത്തിൽ പറയുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സാധാരണഗതിയിൽ ഈ വിഷയത്തെക്കുറിച്ച് സഭയിലാണ് സംസാരിക്കേണ്ടത്. എന്നാൽ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും സഖ്യകക്ഷികളായ തൃണമൂൽ കോൺഗ്രസും ഡി.എം.കെയും എസ്.പിയുമൊക്കെ പാർലമെന്‍റിൽ സഭയുടെ നടുത്തളത്തിലിറങ്ങി സ്‍പീക്കറെ വരെ അപമാനിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്നും, അതിനാലാണ് ഇക്കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

പീയൂഷ് ഗോയലിന്റെ വാദം തള്ളി ഖാർഗെ

എന്നാൽ, മന്ത്രി പീയൂഷ് ഗോയലിന്റെ അവകാശവാദം രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ തള്ളി. യു.എസ് കാർഷിക സെക്രട്ടറി പറഞ്ഞത് അമേരിക്കയിലെ കർഷകർക്കാണ് ഗുണം കിട്ടുകയെന്നാണ്.

ഇന്ത്യയിലെ കർഷകരുടെ ലാഭം രണ്ടിരട്ടിയാക്കുമെന്ന് പറഞ്ഞവർ അമേരിക്കയിൽനിന്ന് പൂജ്യം തീരുവക്ക് കാർഷികോൽപന്നങ്ങൾ ഇറക്കുമതി ചെയ്ത് കർഷകർക്ക് ദുരിതമാണ് സമ്മാനിക്കുന്നതെന്ന് ഖാർഗെ പറഞ്ഞു. അമേരിക്കയിൽ വൻ സബ്സിഡിയോടെ ഉൽപാദിപ്പിക്കുന്ന കാർഷിക വിളകൾ ഇറക്കുമതി ചെയ്താൽ എങ്ങനെ മത്സരിക്കാനാകുമെന്ന് ഖാർഗെ ചോദിച്ചു.

കാർഷികോൽപന്നങ്ങൾക്ക് ഇന്ത്യൻ വിപണി ലഭിക്കുമെന്ന് യു.എസ്

ഇന്ത്യ-യു.എസ് വ്യാപാര കരാർ പ്രകാരം അമേരിക്കൻ കാർഷിക ഉൽപന്നങ്ങൾ ഇന്ത്യൻ വിപണയിൽ സജീവമാകുമെന്ന് യു.എസ് അഗ്രികൾചര്‍ സെക്രട്ടറി ബ്രൂക്ക് റോളിന്‍സ് പറഞ്ഞു. അമേരിക്കന്‍ കാര്‍ഷിക ഉൽപന്നങ്ങള്‍ ഇന്ത്യയുടെ വിശാലമായ വിപണിയിലേക്ക് എത്തുന്നതോടെ യു.എസിലെ ഗ്രാമീണ മേഖലയിലേക്ക് പണമൊഴുകും. ഇത് കാര്‍ഷിക വ്യാപാര കമ്മി കുറക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trade agreementindia us trade dealMinister Piyush Goyal
News Summary - India-US trade deal: Minister says agricultural and dairy products excluded
Next Story