Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ മരണം:...

കോവിഡ്​ മരണം: ഇന്ത്യയുടെ കണക്ക്​ തെറ്റെന്ന്​ ന്യൂയോർക്ക് ടൈംസ്; റിപ്പോർട്ട് അടിസ്ഥാനരഹിതമെന്ന്​ കേന്ദ്രം

text_fields
bookmark_border
കോവിഡ്​ മരണം: ഇന്ത്യയുടെ കണക്ക്​ തെറ്റെന്ന്​ ന്യൂയോർക്ക് ടൈംസ്; റിപ്പോർട്ട് അടിസ്ഥാനരഹിതമെന്ന്​ കേന്ദ്രം
cancel

ന്യൂഡൽഹി: കോവിഡ് മരണങ്ങളെ കുറിച്ച്​ ഇന്ത്യ പുറത്തുവിടുന്ന കണക്ക്​ തെറ്റാണെന്നും എല്ലാ മരണങ്ങളും റിപ്പോർട്ട്​ ചെയ്യപ്പെടുന്നില്ലെന്നുമുള്ള ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ. ഇന്ത്യ പുറത്തുവിടുന്ന ഔദ്യോഗിക കണക്കിന്‍റെ മൂന്നിരട്ടി പേർ രോഗം ബാധിച്ചു മരിച്ചിട്ടുണ്ടാകുമെന്നാണ്​ ന്യൂയോർക്ക്​ ടൈംസ്​ റിപ്പോർട്ട് ചെയ്​തത്​. എന്നാൽ, ഇത് ഒരു തെളിവുകളുടെയും അടിസ്​ഥാനത്തിലല്ലെന്നും പൂർണമായും തെറ്റാണെന്നും നിതി ആയോഗ്​ അംഗവും ഇന്ത്യയിലെ കോവിഡ്​ ടാസ്​ക്​ ഫോഴ്​സ്​ മേധാവിയുമായ ഡോ. വി.കെ. പോൾ പറഞ്ഞു.

ഇന്ത്യയിലെ കോവിഡ്​ മരണനിരക്ക്​ റിപ്പോർട്ട്​ ചെയ്യപ്പെട്ട മൂന്നുലക്ഷ​ത്തേക്കാൾ മൂന്നിരട്ടി ആണെന്നാണ്​ ന്യൂയോർക്ക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തത്​. ദേശീയതലത്തിൽ നടന്ന മൂന്ന്​ സെറം സർവേകളുടെയും ആന്‍റിബോഡി പരിശോധനകളുടെയും അടിസ്​ഥാനത്തിലാണ്​ അവർ റി​േപ്പാർട്ട്​ തയാറാക്കിയത്​. കോവിഡ്​ രൂക്ഷമായി പടരുന്നത്​ തുടരുകയാണെങ്കിൽ ഇന്ത്യയിലെ മരണക്കണക്ക്​ 42 ലക്ഷം വരെയാകുമെന്നും റിപ്പോർട്ടിലുണ്ട്​. എന്നാൽ, കോവിഡ്​ ബാധിച്ചവരുടെ എണ്ണം പരിശോധനയിൽ കണ്ടെത്തിയതിനേക്കാൾ കൂടുതലാകാൻ സാധ്യതയുണ്ടെങ്കിലും മരണത്തിന്‍റെ കാര്യത്തിൽ അങ്ങിനെയുണ്ടാകില്ലെന്ന്​ വി.കെ. പോൾ ചൂണ്ടിക്കാട്ടി.

'കോവിഡ്​ മരണങ്ങൾ വൈകി റിപ്പോർട്ട്​ ചെയ്യപ്പെട്ട ​സംഭവങ്ങൾ ഉണ്ടായേക്കാം. പക്ഷേ, അത്​ മറച്ചുവെക്കേണ്ട കാര്യം കേന്ദ്രത്ത​ിനോ സംസ്​ഥാനങ്ങൾക്കോ ഇല്ല. ന്യൂയോർക്ക്​ ടൈംസ്​ ആരോപിക്കുന്ന മൂന്നിരട്ടി എന്ന കണക്ക്​ ഞാൻ ന്യൂയോർക്കിന്‍റെ കാര്യത്തിൽ പറഞ്ഞാൽ അവിടെ മരണം 50,000 ആകും. 16,000 ആണ്​ അവർ ഔദ്യോഗിമായി പുറത്തുവിട്ടിരിക്കുന്നത്​' -അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടുഘട്ടങ്ങളിലായി ഇന്ത്യയിൽ പത്തുലക്ഷത്തിലേറെ പേർക്ക് മഹാമാരിയുടെ ഇരകളായി ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ്​ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. വിവിധ അന്താരാഷ്​ട്ര പഠനങ്ങളെ ആധാരമാക്കിയാണ് ഈ നിഗമനത്തിലെത്തിയതെന്നും അവർ വിശദീകരിക്കുന്നു. പത്തിലേറെ വിദഗ്ധരുമായി ഇതുമായി ബന്ധപ്പെട്ട് ഉപദേശങ്ങൾ തേടിയാണ്​ റിപ്പോർട്ട്​ തയാറാക്കിയത്​. ഫോബ്സ് പോലെയുള്ള വിവിധ അന്താരാഷ്​ട്ര മാധ്യമങ്ങളും ഈ റിപ്പോർട്ടിലെ കണ്ടെത്തൽ വാർത്തയാക്കിയതിന്​ പിന്നാലെയാണ് ഇന്ത്യ പ്രതികരണവുമായെത്തിയത്​.

ഒരു തെളിവിന്‍റെയും പിൻബലമില്ലാതെയും വളച്ചൊടിച്ച കണക്കുകളെ ആധാരമാക്കിയുമാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. കോവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറഞ്ഞുവരികയാണ്. കഴിഞ്ഞ 20 ദിവസമായി രാജ്യത്തെ കോവിഡ് കേസുകളിൽ കൃത്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ച മുതൽ 24 സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ ഇടിവുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് പരിശോധന പലമടങ്ങ് വർധിപ്പിച്ചിട്ടും രോഗികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid deaths in indiaCovid 19
News Summary - India trashes New York Times report on covid deaths
Next Story