
രാജ്യത്തിന് ആവശ്യമായ 90 ശതമാനം പ്രതിരോധ സാമഗ്രികളുടെയും നിർമാണം ഉടൻ ആരംഭിക്കും -രാജ്നാഥ് സിങ്
text_fieldsഝാൻസി: ഇന്ത്യക്ക് ആവശ്യമായ 90 ശതമാനം പ്രതിരോധ സാമഗ്രികളുടെയും നിർമാണം രാജ്യത്ത് ഉടൻ ആരംഭിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. 2024-25ഓടെ അഞ്ച് ബില്ല്യൺ യു.എസ് ഡോളറിന്‍റെ പ്രതിരോധ സാമഗ്രികൾ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തർപ്രദേശ് സർക്കാറും കേന്ദ്രസർക്കാറും സംയുക്തമായി സംഘടപ്പിച്ച ത്രിദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'65 മുതൽ 70 ശതമാനം വരെ പ്രതിരോധ സാമഗ്രികൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു. ആത്മനിർഭർ ഭാരതിലേക്ക് മാറിയപ്പോൾ രാജ്യത്തിന് ആവശ്യമായ 65 ശതമാനം സാമഗ്രികളും ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്നു. നേരത്തേ ഒരു ഇറക്കുമതി രാജ്യമായാണ് ഇന്ത്യ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ 70ഓളം രാജ്യങ്ങളിലേക്ക് സാമഗ്രികൾ കയറ്റുമതി ചെയ്യുന്നു. ഇറക്കുമതി 35 ശതമാനം മാത്രവും' -രാഷ്ട്ര രക്ഷ സമർപൺ പർവ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് കേന്ദ്രമന്ത്രി സംസാരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിർഭർ ഭാരത് പരിശ്രമ ഫലമായാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാ പ്രതിരോധ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉയർന്നതായി കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. മോദി സർക്കാർ 2014ൽ അധികാരത്തിൽ വന്നതിന് ശേഷം പൊലീസ്, അർധ സൈനിക സേനകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
