ഒമിക്രോൺ; യു.കെ ഉൾപ്പെടെ 12 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കർശന പരിശോധന
text_fieldsന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ഇന്ത്യ. അന്താരാഷ്ട്ര വിമാന സർവിസുകൾ പഴയപടി പുനരാരംഭിക്കാൻ ഇന്ത്യ ഒരുങ്ങുന്നതിനിടയിലാണ് പുതിയ കോറോണ വൈറസ് വകഭേദം റിപ്പോർട്ട് ചെയ്തത്. വിസ നിയന്ത്രണം ഇളവുചെയ്ത് അന്താരാഷ്ട്ര യാത്രക്ക് വാതിൽ തുറന്നത് ഈയിടെയാണ്.
യു.കെയിൽ നിന്നടക്കം ഇന്ത്യയിലെത്തുന്ന 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ കർക്കശ പരിശോധനക്ക് വിധേയമാക്കും.
ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംബാബ്‌വെ, സിംഗപ്പൂർ, ഇസ്രായേൽ, ഹോങ്ക്കോങ്, യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർക്കാണ് ഇനി കൂടുതൽ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടി വരിക.
ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ് എന്നിവിടങ്ങളിൽ ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചതായി നാഷനൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി) മുന്നറിയിപ്പ് നൽകിയതായി കാണിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തയച്ചിരുന്നു.
ഒമൈക്രോൺ-കൂടുതൽ രോഗബാധിതരും ചെറുപ്പക്കാർ
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് (ബി.1.1.529) 'ഒമൈക്രോൺ' എന്നാണ് ലോകാരോഗ്യ സംഘടന പേരിട്ടത്. വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് പുതിയ വകഭേദത്തെ ഏറ്റവും വേഗത്തിൽ പടരുന്ന ഇനമെന്ന വിഭാഗത്തിൽ പെടുത്തിയത്. അന്താരാഷ്ട്രതലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് ഒമൈക്രോൺ എന്ന് ലോകാരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.
നിലവിൽ ഏറ്റവും വ്യാപനശേഷിയുള്ളതായി കണക്കാക്കിയിട്ടുള്ള ഡെൽറ്റ വകഭേദവും ഈ വിഭാഗത്തിലാണ്. അതിവേഗ മ്യൂേട്ടഷൻ (രൂപമാറ്റം) സംഭവിക്കുന്ന വൈറസ്, ശരീരത്തിലേക്ക് കടക്കാൻ സഹായിക്കുന്ന വൈറസിെൻറ സ്പൈക്ക് പ്രോട്ടീനിൽ മാത്രം 30 പ്രാവശ്യം മ്യൂേട്ടഷൻ സംഭവിക്കും. കൂടുതൽ രോഗബാധിതരും ചെറുപ്പക്കാർ.
ആദ്യം കണ്ടത് ദക്ഷിണാഫ്രിക്കയിൽ
ദക്ഷിണാഫ്രിക്കയിലാണ് ജനിതകമാറ്റം വന്ന പുതിയ വൈറസിനെ ആദ്യം കണ്ടെത്തിയത്. ബി.1.1.529 ആദ്യം കണ്ട ദക്ഷിണാഫ്രിക്കയിൽ പുതിയ ജനിതക വകഭേദം പിടികൂടിയവരുടെ എണ്ണം നൂറോളം വരും. പൂർണ വാക്സിൻ എടുത്തവർക്കും പിടിപെട്ടു. ബോട്സ്വാനയിൽ നാല്. ഫൈസർ വാക്സിൻ എടുത്ത രണ്ടുപേർക്കാണ് ഹോങ്കോങ്ങിൽ വൈറസ് ബാധ.
എങ്ങനെ ഉണ്ടായി?
എച്ച്.ഐ.വി/എയ്ഡ്സ് ബാധിതരെപ്പോലെ രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ ഉണ്ടായ കടുത്ത അണുബാധയിൽനിന്നാകാം വൈറസിെൻറ ജനിതക മാറ്റമെന്ന് വിദഗ്ധർ കരുതുന്നു. ഹോങ്കോങ്, ബോട്സ്വാന, ഇസ്രായേൽ എന്നിവിടങ്ങളിലും കണ്ടെത്തിക്കഴിഞ്ഞ 'ഒമൈക്രോൺ' ദക്ഷിണാഫ്രിക്കയുടെ അയൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കാമെന്നും ആശങ്കയുണ്ട്.
വിമാന വിലക്ക് പ്രഖ്യാപിച്ച് രാജ്യങ്ങൾ
യു.കെ, സിംഗപ്പൂർ, ഇസ്രായേൽ, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങൾ ദക്ഷിണാഫ്രിക്ക, ബോട്സ്വാന, മറ്റ് നാല് ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങൾ വിലക്കി. തിരക്കിട്ട് തീരുമാനമെടുത്തതിൽ ദക്ഷിണാഫ്രിക്ക പ്രതിഷേധിച്ചു. മൂന്നു പതിറ്റാണ്ടായി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ദക്ഷിണാഫ്രിക്കയുടെ തീവ്രശ്രമങ്ങൾ പുതിയ വൈറസിെൻറ വരവോടെ പാളം തെറ്റി. അവിടേക്കുള്ള ടൂറിസ്റ്റുകളിൽ നല്ല പങ്കും യു.കെയിൽനിന്നാണ്.
പഠിക്കാനുണ്ട് –ലോകാരോഗ്യ സംഘടന
'ഒമൈക്രോൺ' എങ്ങനെ പ്രവർത്തിക്കുമെന്ന കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വകഭേദത്തെക്കുറിച്ച് കേൾക്കുന്ന മാത്രയിൽ അതിർത്തി അടക്കുന്ന രീതി പാടില്ലെന്നും ഡബ്ല്യു.എച്ച്.ഒ കൂട്ടിച്ചേർത്തു. ഇതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്താൻ രണ്ടാഴ്ചയെങ്കിലും വേണമെന്ന് ഫൈസർ കമ്പനി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

