റഷ്യയുടെ സ്പുട്നിക്-5 വാക്സിൻ ശനിയാഴ്ച ഇന്ത്യയിലെത്തും
text_fieldsന്യൂഡൽഹി: റഷ്യൻ കോവിഡ് വാക്സിനായ സ്പുട്നിക്-5 ശനിയാഴ്ച ഇന്ത്യയിലെത്തും. വാക്സിന്‍റെ ആദ്യ ബാച്ച് ആണ് രാജ്യത്ത് എത്തുക. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് മേധാവി കിറിൽ ദിമിത്രീവ് ആണ് ഇക്കാര്യമറിയിച്ചത്.
അതേസമയം, ആദ്യ ബാച്ചിൽ എത്ര ഡോസ് വാക്സിൻ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഡോക്ടർ റെഡ്ഡീസ് ഗ്രൂപ്പിനാണ് ഇന്ത്യയിൽ വാക്സിൻ വിതരണം ചെയ്യാനുള്ള ചുമതല. ഇന്ത്യയിൽ ഒരു മാസം 50 ദശലക്ഷം ഡോസ് വാക്സിൻ ഉൽപാദിപ്പിക്കാനാണ് ആർ.ഡി.ഐ.എഫ് ലക്ഷ്യമിടുന്നത്.
സ്പുട്നിക്-5 വാക്സിന്‍റെ വിതരണത്തിന് അഞ്ച് മുൻനിര ഇന്ത്യൻ നിർമാതാക്കളുമായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് (ആർ.ഡി.ഐ.എഫ്) രാജ്യാന്തര ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇതുപ്രകാരം ഒരു വർഷം 850 ദശലക്ഷം ഡോസ് വാക്സിൻ വിതരണമാണ് ലക്ഷ്യം.
രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യ സ്ഫുട്നിക് വാക്സിന് അംഗീകാരം നൽകുന്നത്. 60 രാജ്യങ്ങൾ ഇതുവരെ സ്ഫുട്നിക് വാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്.
റഷ്യയിലെ ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്നിക് 5 ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ ആണ്. 2020 ആഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത വാക്സിന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. 91.6 ശതമാനം കാര്യക്ഷമത സ്പുട്‌നിക്-5 വാക്‌സിനിനുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.