സെർവിക്കൽ കാൻസർ: പെൺകുട്ടികൾക്ക് എച്ച്.പി.വി വാക്സിനേഷൻ നടപ്പാക്കാൻ കേന്ദ്രം
text_fieldsന്യൂഡൽഹി: സെർവിക്കൽ(ഗർഭാശയ) കാൻസർ തടയുന്നതിനായി കൗമാരക്കാരായ പെൺകുട്ടികൾക്ക് രാജ്യവ്യാപകമായി ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി) സൗജന്യ വാക്സിനേഷൻ നടപ്പാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 14 വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്കായിരിക്കും വാക്സിൻ നൽകുക. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി, ജില്ലാ ആശുപത്രികൾ, സർക്കാർ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ സൗജന്യമായി വാക്സിനേഷൻ ലഭ്യമാക്കും.
പദ്ധതി നടപ്പാക്കുന്നതോടെ ദേശീയ രോഗപ്രതിരോധ പദ്ധതികളിൽ എച്ച്.പി.വി വാക്സിനേഷൻ ഉൾപ്പെടുത്തിയ 160 ലധികം രാജ്യങ്ങളിൽ ഇന്ത്യയും എത്തും. വാക്സിൻ സഖ്യമായ ഗവിയുമായി സഹകരിച്ച് റെഗുലേറ്ററി, കോൾഡ്-ചെയിൻ മാനദണ്ഡങ്ങൾ പാലിക്കുന്ന മികച്ച ഗുണനിലവാരമുള്ള വാക്സിനുകൾ ലഭ്യമാക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (എൻ.ടി.എ.ജി.ഐ) ശാസ്ത്രീയ വിലയിരുത്തലുകളും ശുപാർശകളും അനുസരിച്ചാണ് വിതരണം. ഗുരുതര എച്ച്.പി.വി ടൈപ്പ് 16,18 എന്നിവയിൽ നിന്നും ടൈപ്പ് 6, 11 എന്നിവയിൽ നിന്നും സംരക്ഷണം നൽകുന്ന വാക്സിനാണ് ഉന്ത്യയിൽ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഔദ്യോഗിക കണക്കുകൾ പ്രകാരം, ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രണ്ടാമത്തെ അർബുദമാണ് സെർവിക്കൽ ക്യാൻസർ, ഏകദേശം 80,000 പുതിയ കേസുകളും 42,000-ത്തിലധികം മരണങ്ങളും എല്ലാ വർഷവും രേഖപ്പെടുത്തുന്നു. ഉയർന്ന അപകടസാധ്യതയുള്ള ടൈപ്പ് 16, 18 എച്ച്.പി.വി അണുബാധയാണ് രാജ്യത്തെ സെർവിക്കൽ ക്യാൻസർ കേസുകളിൽ 80 ശതമാനത്തിലധികവും കാണപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

