എസ്.സി.ഒ യോഗത്തിലേക്ക് പാക് പ്രധാനമന്ത്രിയെ ഇന്ത്യ ക്ഷണിക്കും
text_fieldsഗോവയിൽ നടക്കുന്ന ഷാങ്ഹായി കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) യോഗത്തിലേക്ക് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെ ഇന്ത്യ ക്ഷണിക്കും. എസ്.സി.ഒ ഉച്ചകോടിയിലേക്ക് പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോക്കും ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങിനും ക്ഷണം കൈമാറിയതിന് തൊട്ടുപിന്നാലെയാണിത്.
നിശ്ചയിച്ച നടപടിക്രമത്തിന്റെ ഭാഗമായാണ് ക്ഷണങ്ങൾ അയച്ചത്. ബിലാവൽ ഭൂട്ടോയും ക്വിൻ ഗാങ്ങും പരിപാടിയിൽ പങ്കെടുക്കുമോ എന്നതിന് സ്ഥിരീകരണമില്ല. പാക് പ്രധാനമന്ത്രിയോ വിദേശകാര്യ മന്ത്രിയോ യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ തീരുമാനിച്ചാൽ 2011ന് ശേഷമുള്ള ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനമാകും അത്. 2011ൽ അന്നത്തെ പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖർ ഇന്ത്യ സന്ദർശിച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വീണ്ടും വഷളായിരുന്നു.
എട്ട് രാജ്യങ്ങളുള്ള എസ.സി.ഒയുടെ നിലവിലെ അധ്യക്ഷൻ ഇന്ത്യയാണ്. എസ.സി.ഒ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഈ വർഷം അവസാനം ഗോവയിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യ ഒമ്പതംഗ ഗ്രൂപ്പിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയും എസ്.സി.ഒയിൽ ഉൾപ്പെടുന്നു. മധ്യേഷ്യൻ രാജ്യങ്ങൾക്കൊപ്പം ചൈനയുടെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാർക്കും ക്ഷണങ്ങൾ അയച്ചിട്ടുണ്ട്.