ചൈനീസ് പൗരൻമാരുടെ ബിസിനസ് വിസ നിയന്ത്രണങ്ങളിൽ ഇളവുമായി ഇന്ത്യ; ട്രംപുമായുള്ള ബന്ധം വഷളാവുന്നതിനിടെ ഇന്ത്യ-ചൈന സൗഹൃദം ദൃഢമാകുന്നു
text_fieldsന്യൂഡൽഹി: ചൈനീസ് ബിസിനസ് പ്രൊഫഷണലുകൾക്കുള്ള വിസ നിയന്ത്രണങ്ങളിൽ ഇളവുമായി ഇന്ത്യ. ഇതോടെ വിവോ, ഒപ്പോ, ഷവോമി, ബി.വൈ.ഡി, ഹിസെൻസ്, ഹയർ തുടങ്ങിയ കമ്പനികളുടെ എക്സിക്യൂട്ടീവുകൾക്ക് അഞ്ച് വർഷത്തിന് ശേഷം വിസ ലഭിക്കും.
സീനിയർ പോസ്റ്റിലുള്ള ഉദ്യോഗസ്ഥർക്കാവും ഇന്ത്യ വിസ നൽകുക. ഇതിനായി കമ്പനികളുടെ സീനിയർ ഉദ്യോഗസ്ഥരോട് വിസ അപേക്ഷ സമർപ്പിക്കാൻ ഇന്ത്യ നിർദേശിച്ചതായി ചൈനീസ് ഇലക്ട്രോണിക് കമ്പനി വെളിപ്പെടുത്തി.സ്വാഗതാർഹമായ നടപടിയാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സിംഗപ്പൂർ, ഹോങ്ങ്കോങ്, തായ്ലാൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽവെച്ചാണ് ഇപ്പോൾ ഞങ്ങൾ ബിസിനസ് മീറ്റുകൾ നടത്തുന്നത്. ഇത് തീരുമാനം എടുക്കുന്നത് വൈകിക്കുന്നുണ്ടെന്ന് ചൈനീസ് കമ്പനി പ്രതിനിധികൾ പറഞ്ഞു. വിസ ലഭിക്കുന്നതോടെ ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നും കമ്പനികൾ വ്യക്തമാക്കി.
ഇന്ത്യയിൽ പ്രവർത്തനം നടത്തുന്നതും ഇന്ത്യൻ കമ്പനികളുമായി വ്യാപാര പങ്കാളിത്തമുള്ള കമ്പനികൾക്കാണ് വിസ ഇളവ് ഉണ്ടാവുക. വിവോ ഇന്ത്യയുടെ സീനിയർ എക്സിക്യൂട്ടീവ് ജെറോ ചെൻ, ഒപ്പോയുടെ ഫിഗോ ഷാങ്, റിയൽ മി ഇന്ത്യയുടെ മൈക്കിൾ ഗുവോ എന്നിവരെല്ലാം ഇന്ത്യക്ക് പുറത്ത് നിന്നാണ് രാജ്യത്തെ അവരുടെ കമ്പനിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. വിസ ലഭിക്കുന്നതോടെ ഇന്ത്യയിലിരുന്ന് ഇവർക്ക് കമ്പനികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ സാധിക്കും.
2020ലെ ഗൽവാൻ സംഘർഷത്തെ തുടർന്നാണ് ചൈനീസ് കമ്പനികളുടെ പ്രതിനിധികൾക്ക് ഇന്ത്യ വിസ നിഷേധിച്ചത്. എന്നാൽ, അടുത്തിടെ യു.എസും ഇന്ത്യയും തമ്മിൽ ഉടക്കിയതോടെ ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതിയുണ്ടായിരുന്നു. വിമാനസർവീസുകൾ പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനയിൽ സന്ദർശനം നടത്തുമെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

