അഞ്ച് എസ്-400 സ്ക്വാഡ്രണുകൾ കൂടി സ്വന്തമാക്കാൻ ഇന്ത്യ
text_fieldsന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ വ്യോമപ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അഞ്ച് അധിക എസ്-400 ‘സുദർശൻ’ ദീർഘദൂര വ്യോമപ്രതിരോധ സ്ക്വാഡ്രണുകൾ കൂടി വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. ഇതിനായുള്ള ഇന്ത്യയുടെ ടെൻഡറിന് റഷ്യ വിശദമായ നിർദേശം സമർപ്പിച്ചതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
പദ്ധതിയുടെ ചെലവ് 50,000 കോടി രൂപക്ക് മുകളിലായിരിക്കുമെന്നാണ് വിലയിരുത്തൽ. റഷ്യയുടെ പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും നിലവിൽ അത് പരിശോധിച്ചുവരികയാണെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
2018-ൽ റഷ്യയുമായി ഒപ്പുവെച്ച കരാറിന്റെ ഭാഗമായി ഇന്ത്യ അഞ്ച് എസ്-400 സ്ക്വാഡ്രണുകൾ വാങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിൽ നാല് എണ്ണം ഇതിനകം ലഭിച്ചുകഴിഞ്ഞു. അഞ്ചാമത്തെയും അവസാനത്തെയും സ്ക്വാഡ്രൺ ഈ വർഷം നവംബറോടെ ഇന്ത്യക്ക് കൈമാറുമെന്നാണ് പ്രതീക്ഷ.
‘ഓപ്പറേഷൻ സിന്ദൂറി'ന് പിന്നാലെയാണ് അഞ്ച് അധിക എസ്-400 സംവിധാനങ്ങൾ കൂടി വാങ്ങാനുള്ള പദ്ധതിക്ക് ഇന്ത്യ അംഗീകാരം നൽകിയത്. പുതിയ കരാർ ഒപ്പുവെച്ചാൽ ഏകദേശം മൂന്ന് വർഷത്തിനുശേഷം വിതരണം ആരംഭിക്കുമെന്നാണ് സൂചന.
ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്താന്റെ ആക്രമണശ്രമങ്ങളെ തടയുന്നതിൽ എസ്-400 സംവിധാനം നിർണായക പങ്കുവഹിച്ചതായി ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ അവകാശപ്പെട്ടിരുന്നു.പാകിസ്താന്റെ നിരീക്ഷണ വിമാനങ്ങളും യുദ്ധവിമാനങ്ങളും ലക്ഷ്യമാക്കി നടത്തിയ പ്രതിരോധ നടപടികളിൽ എസ്-400 മികച്ച പ്രകടനം കാഴ്ചവെച്ചതായി വ്യോമസേന വ്യക്തമാക്കി.
പുതിയ എസ്-400 യൂണിറ്റുകൾ ഇന്ത്യയുടെ കിഴക്കൻ, പടിഞ്ഞാറൻ അതിർത്തി മേഖലകളിൽ വിന്യസിക്കാനാണ് പദ്ധതി. ഇതോടെ രാജ്യത്തിന്റെ ബഹുതല വ്യോമപ്രതിരോധ സംവിധാനത്തിന് കൂടുതൽ കരുത്ത് ലഭിക്കും.
അതേസമയം, എസ്-400 സംവിധാനങ്ങൾക്കായി 280-ലധികം മിസൈലുകൾ കൂടി ഇന്ത്യ വാങ്ങുന്നുണ്ട്. കൂടാതെ, ‘പ്രോജക്ട് കുശ’യുടെ ഭാഗമായി സ്വദേശീയ ദീർഘദൂര വ്യോമപ്രതിരോധ സംവിധാനവും വികസിപ്പിച്ചുവരികയാണ്. രാജ്യവ്യാപക വ്യോമപ്രതിരോധ കവചം സൃഷ്ടിക്കാനുള്ള ‘മിഷൻ സുദർശൻ ചക്ര’ പദ്ധതിയും പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

