Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകടലിൽ ഇനി ഇന്ത്യൻ...

കടലിൽ ഇനി ഇന്ത്യൻ നാവികർ ഒറ്റപ്പെടില്ല; സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രത്തിന്റെ 'സീഫെയറർ ഫസ്റ്റ്' നയം

text_fields
bookmark_border
കടലിൽ ഇനി ഇന്ത്യൻ നാവികർ ഒറ്റപ്പെടില്ല; സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രത്തിന്റെ സീഫെയറർ ഫസ്റ്റ് നയം
cancel

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്നതിനിടയിൽ വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. ഹുർമുസ് കടലിടുക്കിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയം അടിയന്തര ഇടപെടൽ നടത്തിയത്. കപ്പലുകൾ ഏത് രാജ്യത്തിന്റെ പതാക വഹിക്കുന്നതാണെങ്കിലും, അതിലുള്ള ഓരോ ഇന്ത്യൻ ജീവനക്കാരന്റെയും വിവരങ്ങളും സുരക്ഷയും ഇനിമുതൽ കേന്ദ്ര സർക്കാർ നേരിട്ട് നിരീക്ഷിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

എമിറേറ്റ്സിന്റെ എണ്ണക്കപ്പലുകളായ 'എം.ടി അൽ ബഹിയ്യ', 'എം.ടി മൊംബാസ' എന്നിവക്ക് നേരെ ഹുർമുസ് കടലിടുക്കിൽ വെച്ചുണ്ടായ മിസൈൽ ആക്രമണമാണ് കേന്ദ്ര സർക്കാരിനെ ഈ അടിയന്തര തീരുമാനത്തിലേക്ക് നയിച്ചത്. ഈ രണ്ട് കപ്പലുകളിലുമായി ആകെ 30 ഇന്ത്യൻ നാവികരുണ്ടായിരുന്നു. ആക്രമണത്തിൽ രോഹൻ കുമാർ എന്ന ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. 'എം.ടി മൊംബാസ'യിലുണ്ടായിരുന്ന 9 ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.

കടലിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ നാവികരുടെ ജീവന് പ്രഥമ പരിഗണന നൽകുന്ന 'സീഫെയറർ-ഫസ്റ്റ്' നയം നടപ്പിലാക്കാൻ കേന്ദ്ര തുറമുഖ-ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ഒരു പ്രത്യേക ഡാഷ്‌ബോർഡ് സജ്ജമാക്കും.

പേർഷ്യൻ ഉൾക്കടൽ, ഹുർമുസ് കടലിടുക്ക്, ഒമാൻ ഉൾക്കടൽ എന്നീ സംഘർഷഭരിതമായ മേഖലകളിലൂടെ സഞ്ചരിക്കുന്ന കപ്പലുകളുടെ കൃത്യമായ സ്ഥാനം, ഉടമസ്ഥത, റൂട്ട്, അതിലുള്ള ഇന്ത്യൻ ജീവനക്കാരുടെ വിവരങ്ങൾ എന്നിവ ഈ ഡാഷ്‌ബോർഡ് വഴി സർക്കാർ നിരന്തരം വിലയിരുത്തും. സുരക്ഷാ മുൻകരുതലുകൾ പൂർണമായി ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ നാവികർ യാത്ര തുടരുന്നുള്ളൂ എന്ന് കപ്പൽ ഏജൻസികൾ ഉറപ്പുവരുത്തേണ്ടതുണ്ട്.

പ്രതിരോധമില്ലാത്ത സിവിലിയൻ കപ്പലുകൾക്ക് നേരെയുള്ള ക്രൂരമായ ഇത്തരം ആക്രമണങ്ങളെ കേന്ദ്ര സർക്കാർ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇറാൻ, ഒമാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായി സഹകരിച്ച് നാവികരുടെ മോചനത്തിനും സുരക്ഷക്കുമായി നിരന്തരമായ ഏകോപനം നടത്താൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ വേദികളിലും ഇന്ത്യ തങ്ങളുടെ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തിക്കഴിഞ്ഞു. ജീവനക്കാരുടെ ജീവന് ഭീഷണിയുള്ള റൂട്ടുകളിലേക്ക് നാവികരെ നിർബന്ധിച്ച് അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര സർക്കാർ കർശന നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sarbananda SonowalIndian SailorsStrait of HormuzIndiaseafarersUS Attack on Iran
News Summary - India to account for each seafarer irrespective of vessel flag
Next Story