Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right90 ദിവസത്തിനകം പുതിയ...

90 ദിവസത്തിനകം പുതിയ ഫോണുകളിൽ 'സഞ്ചാർ സാഥി' വേണം; സ്വകാര്യതാ ആശങ്കകൾ ഉയരുന്നു

text_fields
bookmark_border
90 ദിവസത്തിനകം പുതിയ ഫോണുകളിൽ സഞ്ചാർ സാഥി വേണം; സ്വകാര്യതാ ആശങ്കകൾ ഉയരുന്നു
cancel

ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ സ്മാർട്ട്‌ഫോണുകളിൽ സർക്കാർ സൈബർ സുരക്ഷാ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള ഉത്തരവ് സ്വകാര്യതയെക്കുറിച്ചും നിരീക്ഷണത്തെക്കുറിച്ചുമുള്ള ആശങ്കകൾക്ക് കാരണമായി. കഴിഞ്ഞ ആഴ്ച പാസാക്കിയ ഉത്തരവ് പ്രകാരം സ്മാർട്ട്‌ഫോൺ നിർമാതാക്കൾ 90 ദിവസത്തിനുള്ളിൽ എല്ലാ പുതിയ ഉപകരണങ്ങളിലും സർക്കാരിന്റെ സഞ്ചാർ സാഥി ആപ്പ് പ്രീ-ലോഡ് ചെയ്യണം. ആപ്പിന്റെ പ്രവർത്തനക്ഷമതകൾ നിർജ്ജീവമാക്കാനോ നിയന്ത്രിക്കാനോ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.

ഹാൻഡ്‌സെറ്റിന്റെ ആധികാരികത പരിശോധിക്കാനും ടെലികോം വിഭവങ്ങളുടെ ദുരുപയോഗം റിപ്പോർട്ട് ചെയ്യാനും പൗരന്മാരെ സഹായിക്കുന്നതിനാണ് ഇത് ആവശ്യമെന്ന് സർക്കാർ പറയുന്നു. 1.2 ബില്യണിലധികം മൊബൈൽ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ഫോൺ വിപണികളിലൊന്നിലാണ് ഈ നീക്കം. സൈബർ വിദഗ്ധർ ഈ നീക്കത്തെ വിമർശിക്കുകയും പൗരന്മാരുടെ സ്വകാര്യതക്കുള്ള അവകാശത്തെ ലംഘിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നു. ആപ്പിന്റെ സ്വകാര്യതാ നയം അനുസരിച്ച് ഇതിന് ഫോൺ കോളുകൾ ചെയ്യാനും കൈകാര്യം ചെയ്യാനും, സന്ദേശങ്ങൾ അയക്കാനും, കോൾ, സന്ദേശ ലോഗുകൾ, ഫോട്ടോകൾ, ഫയലുകൾ, ഫോണിന്റെ കാമറ എന്നിവ ആക്സസ് ചെയ്യാനും കഴിയും.

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട് ഫോണുകളെയും ഉപയോക്താവിന് നിരസിക്കാനും നിയന്ത്രിക്കാനും നീക്കം ചെയ്യാനും കഴിയാത്ത തരത്തിൽ ഇത് മാറ്റുന്നു. ഇന്‍റർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍റെ പ്രസ്താവനയിൽ പറയുന്നു. ആപ്പിന്റെ വിശാലമായ അനുമതികൾ അത് ശേഖരിക്കാൻ സാധ്യതയുള്ള ഡാറ്റയെക്കുറിച്ച് ആശങ്കയുണ്ടാക്കുകയും നിരീക്ഷണത്തിന്റെ സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഫ്ലാഷ്‌ലൈറ്റ് മുതൽ കാമറ വരെ എല്ലാത്തിനും ആക്‌സസ് ആവശ്യപ്പെടുന്നത് ആശങ്കാജനകമാണ്.

വർധിച്ചുവരുന്ന വിമർശനത്തിനിടയിൽ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഈ ആപ്പ് ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ അത് നീക്കം ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കി. ‘ഇത് തികച്ചും വോളണ്ടറിയും ജനാധിപത്യപരവുമായ ഒരു സംവിധാനമാണ്. ഉപയോക്താക്കൾക്ക് ആപ്പ് ആക്ടിവേറ്റ് ചെയ്യാനും അതിന്റെ പ്രയോജനങ്ങൾ നേടാനും തിരഞ്ഞെടുക്കാം. അവർക്ക് താൽപ്പര്യമില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും അത് അവരുടെ ഫോണിൽ നിന്ന് എളുപ്പത്തിൽ നീക്കം ചെയ്യാം’ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എക്സിൽ കുറിച്ചു. എന്നിരുന്നാലും, ആപ്പിന്റെ പ്രവർത്തനങ്ങൾ നിർജ്ജീവമാക്കാനോ നിയന്ത്രിക്കാനോ കഴിയില്ലെങ്കിൽ ഇത് എങ്ങനെ സാധിക്കുമെന്നതിനെക്കുറിച്ച് മന്ത്രി വ്യക്തത നൽകിയില്ല.

രാജ്യത്ത് സ്മാർട്ട് ഫോൺ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ, സൈബർ സുരക്ഷ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ ‘സഞ്ചാർ സാഥി’ ആപ്പ് നിർബന്ധമാക്കാനുള്ള നിർദേശം നൽകിയിരിക്കുന്നത്. ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പറുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന സഞ്ചാർ സാഥി ആപ്പ് 2024 ജനുവരിയിലാണ് ലോഞ്ച് ചെയ്തത്. ആപ്പിന്‍റെ സഹായത്തോടെ ഇതുവരെ നഷ്ടമായ 22.76 ലക്ഷം ഫോണുകൾ കണ്ടെത്താൻ കഴിഞ്ഞെന്നാണ് സർക്കാർ കണക്കുകൾ. ഒക്ടോബറിൽമാത്രം 50,000 ഫോണുകൾ കണ്ടെത്തിയതായും പറയുന്നു.

രാജ്യത്തെ പ്രധാന മൊബൈൽ ഫോൺ ഉൽപാദകരായ ആപ്പിൾ, സാംസങ്, ഷവോമി, വിവോ, ഒപ്പോ എന്നിവ നിർബന്ധമായും നിബന്ധന പാലിക്കണമെന്നാണ് നവംബർ 28ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ നിർദേശം. 90 ദിവസത്തെ സമയമാണ് ഇത്‌ നടപ്പാക്കാൻ കമ്പനികൾക്ക് അനുവദിച്ചിട്ടുള്ളത്. ഓരോ ഫോണിലും 14 മുതൽ 17 അക്കംവരെയുള്ള ഐ.എം.ഇ.ഐ നമ്പരുണ്ട്. മൊബൈൽ ഫോണിനെ തിരിച്ചറിയാനുള്ള സവിശേഷ നമ്പറാണിത്. ഫോൺ മോഷണംപോയാൽ ഈ ആപ്പ് ഉപയോഗിച്ച് അധികൃതർക്ക് ഈ നമ്പറിലേക്കുള്ള നെറ്റ്‌വർക്ക് വിച്ഛേദിക്കാനാകും. സഞ്ചാർ സാഥി ആപ്പുപയോഗിച്ച് കേന്ദ്രീകൃത പോർട്ടൽവഴി ഉപയോക്താക്കൾക്ക് ഐ.എം.ഇ.ഐ നമ്പർ പരിശോധിക്കാനും സംശയകരമായ കോളുകൾ റിപ്പോർട്ടു ചെയ്യാനും മോഷണംപോയ ഫോണുകൾ ബ്ലോക്ക് ചെയ്യാനും സൗകര്യമുണ്ട്. നിലവിൽ ഈ ആപ്പ് ലക്ഷക്കണക്കിന് ഫോണുകളിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smartphoneprivacy issueCyber ​​SecuritySanchar Saathi Mobile App
News Summary - india tells smartphone makers to put state-run cyber safety app
Next Story