Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.എസ്...

യു.എസ് വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികരെ കാണാതായി; അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

text_fields
bookmark_border
US attack
cancel

ന്യൂഡൽഹി: ഒമാൻ തീരത്ത് 24 ഇന്ത്യൻ നാവികരുമായി സഞ്ചരിച്ച ഓയിൽ ടാങ്കറിന് നേരെ അമേരിക്കൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യൻ ജീവനക്കാരെ കാണാതായി. സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഇന്ത്യ, ന്യൂഡൽഹിയിലെ മുതിർന്ന യു.എസ് നയതന്ത്രജ്ഞൻ ജേസൺ മീക്സിനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. യു.എസ് അംബാസഡർ സെർജിയോ ഗോർ നിലവിൽ രാജ്യത്തില്ലാത്തതിനാലാണ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജേസൺ മീക്സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.

ഇറാനിയൻ എണ്ണയുമായി പോവുകയായിരുന്ന ‘സെറ്റെബെല്ലോ’ എന്ന കപ്പലിന് നേരെ ഒമാൻ ഉൾക്കടലിൽ വെച്ചാണ് യു.എസ് സെൻട്രൽ കമാൻഡ് വ്യോമാക്രമണം നടത്തിയത്. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യക്കാരിൽ 21 പേരെ രക്ഷപ്പെടുത്തിയതായും ശേഷിക്കുന്ന മൂന്ന് പേർക്കായി ഒമാൻ അധികൃതരുമായി ചേർന്ന് തിരച്ചിൽ ഊർജിതമായി തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.

ഇറാനെതിരെയുള്ള നാവിക ഉപരോധം മറികടക്കാൻ കപ്പൽ ശ്രമിച്ചെന്നും, നിരന്തരം നൽകിയ മുന്നറിയിപ്പുകളും നിർദേശങ്ങളും കപ്പലിലെ ജീവനക്കാർ ലംഘിച്ചതുമാണ് ആക്രമണത്തിന് കാരണതെന്നുമാണ് യു.എസ് സൈന്യത്തിന്റെ അവകാശവാദം. ആക്രമണത്തെത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിത്തമുണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസി അറിയിച്ചു.

ഒമാനിലെ സുഹാർ തുറമുഖത്തിന് 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായാണ് സംഭവം നടന്നത്. കപ്പലിൽ നിന്നുള്ള അടിയന്തര സന്ദേശത്തോട് ഒമാൻ നാവികസേന ഉടൻ പ്രതികരിച്ചതായി ബ്രിട്ടീഷ് മാരിടൈം റിസ്ക് മാനേജ്മെന്റ് ഗ്രൂപ്പായ വാൻഗാർഡ് വ്യക്തമാക്കി. മസ്‌കറ്റിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ചു.

ചർച്ചകളിലൂടെ നയതന്ത്ര പരിഹാരം കാണണമെന്നും യുദ്ധം അടിയന്തരമായി നിർത്തിവെച്ച് അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് കടൽമാർഗ്ഗമുള്ള സ്വതന്ത്രമായ വാണിജ്യ ഗതാഗതം പുനസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഷിപ്പിങ്ങിന്റെ സുരക്ഷയെയും നാവികരുടെ ജീവനെയും അപകടത്തിലാക്കുന്ന ഏത് തരത്തിലുള്ള ആക്രമണങ്ങളെയും യു.എന്നിന്റെ ഷിപ്പിങ് ഏജൻസിയായ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ആർസെനിയോ ഡൊമിംഗസും അപലപിച്ചിട്ടുണ്ട്.

തുടർച്ചയായ രണ്ടാം ദിവസമാണ് മേഖലയിൽ ഇന്ത്യൻ നാവികർ ഉൾപ്പെട്ട കപ്പലിന് നേരെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം പലാവു പതാകയേന്തിയ മറ്റൊരു ചരക്കുകപ്പലിന് നേരെ മിസൈൽ ആക്രമണമുണ്ടായിരുന്നു. അതിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരെ ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കൻ സേനയുടെ ഭാഗത്തുനിന്ന് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഫെബ്രുവരി 28-ന് ഇറാനെതിരെ യു.എസ്-ഇസ്രായേൽ സഖ്യം ആക്രമണം ആരംഭിച്ചതു മുതൽ ഇന്ത്യൻ പതാകയുള്ളതോ ഇന്ത്യൻ നാവികരുള്ളതോ ആയ കപ്പലുകൾ തുടർച്ചയായി ലക്ഷ്യമിടപ്പെടുന്നുണ്ട്. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള കരാറിന് തെഹ്‌റാനെ നിർബന്ധിതരാക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ മധ്യത്തിലാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് മേൽ നാവിക ഉപരോധം ഏർപ്പെടുത്തിയത്.

ആഗോള ഊർജ്ജ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയായ ഹുർമുസ് കടലിടുക്കിലെ നാവിക ഉപരോധവും പുതിയ ആക്രമണങ്ങളും ഇന്ത്യ-യു.എസ് നയതന്ത്ര ബന്ധത്തെ കൂടുതൽ വഷളാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ ആഴ്ച ആദ്യം ഇന്ത്യൻ നാവികരുമായി പോയ മറ്റൊരു കപ്പലിന് നേരെ യു.എസ് സൈന്യം ആക്രമണം നടത്തിയപ്പോൾ കേന്ദ്ര സർക്കാർ പരസ്യമായി പ്രതിഷേധിക്കാതിരുന്നതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. നിലവിലെ പ്രതിസന്ധി ആഗോളതലത്തിൽ എണ്ണ, ഗ്യാസ് വിലക്കയറ്റത്തിന് കാരണമായതിനൊപ്പം ഇന്ത്യയിലേക്കുള്ള എൽ.പി.ജി ഇറക്കുമതിയെയും സാരമായി ബാധിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us attackUS EnvoyUS Diplomatship attackindian navyIndian Ministry of External Affairs
News Summary - India summons US envoy over attack on ship carrying Indian sailors off Oman
Next Story