കപ്പലുകളുടെ കൂട്ടിയിടിയിൽ പാക് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ഇന്ത്യൻ നാവികസേനാ കപ്പലിന് നേർക്കുനേർ വന്ന് പാകിസ്താൻ കപ്പൽ കൂട്ടിയിടിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. പാകിസ്താന്റെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. പാകിസ്താനി നാവിക യൂനിറ്റിന്റെ ഭാഗത്തുനിന്നുണ്ടായ അപകടകരമായ നീക്കം അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് വിദേശമന്ത്രാലയം വ്യക്തമാക്കി.
കപ്പലിന് കേടുപാടുകൾ സംഭവിച്ചില്ലെങ്കിലും സംഭവം ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനികാഭ്യാസങ്ങളും സൈനിക നീക്കങ്ങളും സംബന്ധിച്ച കരാറിലെ പത്താം വകുപ്പിന്റെ പ്രത്യക്ഷമായ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളുടെയും സായുധസേനകൾ തമ്മിൽ തെറ്റിദ്ധാരണയും സംഘർഷസാധ്യതയും രൂക്ഷമാകുന്നത് ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള വിശ്വാസവർധക നടപടികളുടെ ഭാഗമാണ് കരാർ.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കരാർ വ്യവസ്ഥകൾ മാനിക്കേണ്ടതിന്റെയും സൂക്ഷ്മത പുലർത്തേണ്ടതിന്റെയും ആവശ്യം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നാണ് നയതന്ത്ര പ്രതിനിധിയോട് മന്ത്രാലയം ആവശ്യപ്പെട്ടത്. പാകിസ്താന്റെ വിദേശമന്ത്രാലയത്തെ പ്രതിഷേധം അറിയിക്കാൻ അവിടത്തെ ഇന്ത്യൻ പ്രതിനിധിക്കും നിർദേശം നൽകി.
സെപ്റ്റംബർ 15ന് വൈകീട്ടാണ് പതിവ് നിരീക്ഷണ ദൗത്യത്തിൽ ഏർപ്പെട്ട ഇന്ത്യൻ യുദ്ധക്കപ്പലിനുനേർക്ക് പാകിസ്താന്റെ കപ്പൽ അമിതവേഗതയിൽ പാഞ്ഞടുത്തത്. അന്താരാഷ്ട്ര സമുദ്ര മേഖലയിലാണ് സംഭവം. ആർട്ടിക്കിൾ 10 പ്രകാരം, രാജ്യാന്തര സമുദ്ര മേഖലയിൽ പ്രവർത്തിക്കുമ്പോൾ ഇരു രാജ്യങ്ങളുടെയും നാവിക കപ്പലുകളും അന്തർവാഹിനികളും പരസ്പരം മൂന്ന് നോട്ടിക്കൽ മൈലിൽ (ഏകദേശം 5.56 കിലോമീറ്റർ) താഴെ അടുക്കാൻ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

