കടുപ്പിച്ച് ഇന്ത്യ; മോദി അധിക്ഷേപ പരാമർശത്തിൽ മാലദ്വീപ് ഹൈകമീഷണറെ വിളിച്ചുവരുത്തി
text_fieldsന്യൂഡൽഹി: ലക്ഷദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയെയും മാലദ്വീപ് മന്ത്രിമാർ അധിക്ഷേപിച്ചതിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഇന്ത്യയിലെ മാലദ്വീപ് ഹൈകമീഷണർ ഇബ്രാഹിം ഷാഹിബിനെ കേന്ദ്ര സർക്കാർ വിളിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ആസ്ഥാനമായ സൗത്ത് ബ്ലോക്കിലേക്ക് മാലദ്വീപ് ഹൈകമീഷണർ കയറിപോകുന്നതിന്‍റെയും അൽപം കഴിഞ്ഞ് മടങ്ങുന്നതിന്‍റെയും വിഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വിഷയത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. മന്ത്രിമാർക്കെതിരെ നടപടിയെടുത്തത് ഹൈകമീഷണറും വിദേശകാര്യ മന്ത്രാലയത്തെ ധരിപ്പിച്ചു. വിവാദ പരാമർശത്തിനു പിന്നാലെ യുവജന മന്ത്രാലയത്തിലെ മൂന്ന് ഡെപ്യൂട്ടി മന്ത്രിമാരെ മാലദ്വീപ് സസ്പെൻഡ് ചെയ്തിരുന്നു. യുവജന മന്ത്രാലയത്തിലെ ഡെപ്യൂട്ടി മന്ത്രിമാരായ മൽഷ ശരീഫ്, മറിയം ഷിയൂന, അബ്ദുല്ല മഹ്സൂം മാജിദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
അധിക്ഷേപത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും വിവാദം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടാക്കുകയും മാലദ്വീപിനെ ബഹിഷ്കരിക്കാൻ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സെലിബ്രിറ്റികൾ സമൂഹ മാധ്യമ കാമ്പയിൻ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ദ്വീപ് രാജ്യത്തിന്റെ നടപടി.
ലക്ഷദ്വീപ് സന്ദര്‍ശനത്തിനു പിന്നാലെ മോദി പങ്കുവെച്ച ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടർന്ന് മാലദ്വീപിന് ബദലായി ലക്ഷദ്വീപിനെ വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് മോദി ലക്ഷ്യമിടുന്നത് എന്നതരത്തിൽ ചര്‍ച്ചകളും തുടങ്ങി. ഇതിനു പിന്നാലെയാണ് മോദിയുടെ ചിത്രം പങ്കുവെച്ച് മന്ത്രി മറിയം ഷിയൂന എക്സിൽ വിവാദ പോസ്റ്റിട്ടത്.
കടുത്ത വിമർശനം ഉയർന്നതോടെ പോസ്റ്റ് പിൻവലിച്ചുവെങ്കിലും നിരവധി മാലദ്വീപുകാർ ഇന്ത്യക്കാരെ അവഹേളിക്കുന്ന പ്രതികരണങ്ങളുമായി രംഗത്തുവന്നു. ഇതോടെ, മാലദ്വീപിനെ ബഹിഷ്കരിക്കൂ എന്ന ഹാഷ്ടാഗുമായി ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സെലിബ്രിറ്റികൾ മാലദ്വീപിനെതിരായും മോദിക്കും ലക്ഷദ്വീപിനും അനുകൂലമായും സമൂഹ മാധ്യമ കാമ്പയിൻ തുടങ്ങി. ഇന്ത്യ ശക്തമായ പ്രതിഷേധവും അറിയിച്ചു.
മന്ത്രിയുടെ വാക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും ദ്വീപ് രാഷ്ട്രത്തിന്റെ പുരോഗതിക്കും സുരക്ഷക്കുംവേണ്ടി നിലകൊള്ളുന്ന പ്രധാന സഖ്യകക്ഷിയാണ് ഇന്ത്യയെന്നും മാലദ്വീപ് പ്രതിപക്ഷ നേതാവും മുൻ പ്രസിഡന്റുമായ മുഹമ്മദ് നശീദ് വിമർശനവുമായി രംഗത്തുവന്നു. മന്ത്രിമാരുടെ പരാമർശം വ്യക്തിപരമാണെന്നും സര്‍ക്കാര്‍ നയമല്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷ ങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും മാലദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കിയതിനു ശേഷമായിരുന്നു സസ്പെൻഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

