തൊട്ടാൽ പൊളിച്ചടുക്കുന്ന ‘സുദർശൻ ചക്ര’; വ്യോമ പ്രതിരോധത്തിന് പുത്തൻ സംവിധാനം; വിജയകരമായി പരീക്ഷിച്ച് ഇന്ത്യ -വിഡിയോ
text_fieldsഐ.എ.ഡി.ഡബ്ല്യു.എസ് വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം
ഭുവനേശ്വർ: വ്യോമപ്രതിരോധ സാങ്കേതിക വിദ്യയിൽ നിർണായകമായ പുത്തൻ ആയുധം വികസിപ്പിച്ച്, വിജയകരമായ പരീക്ഷണവും പൂർത്തിയാക്കി ഇന്ത്യ. പ്രതിരോധ ഗവേഷണ, വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒക്കു കീഴിലാണ് തദ്ദേശീയമായ ബഹുതല വ്യോമ പ്രതിരോധ ഷീൽഡ് ഇന്ത്യൻ നിർമിച്ചത്. ശത്രു രാജ്യങ്ങളുടെ താഴ്ന്നു പറക്കുന്ന യുദ്ധ വിമാനങ്ങൾ മുതൽ, ഡ്രോണുകളും മിസൈലുകളും വരെ നിമിഷ വേഗത്തിൽ പ്രതിരോധിച്ച് നശിപ്പിക്കാൻ ശേഷിയുള്ളതാണ് സംയോജിത വ്യോമ പ്രതിരോധ ആയുധ സംവിധാനം (ഐ.എ.ഡി.ഡബ്ല്യു.എസ്). ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒഡിഷ തീരത്തായിരുന്നു ഇൻറഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റം വിജയകരമായി പരീക്ഷണം നടത്തിയത്. രാജ്യത്തിന്റെ വ്യോമപ്രതിരോധം ശക്തിപ്പെടുത്തുന്നതിൽ ഏറ്റവും നിർണായക ചുവടുവെപ്പാണ് പരീക്ഷണ വിജയമെന്ന് ഡി.ആർ.ഡി.ഒ അറിയിച്ചു.
മിസൈലുകളെ നിമിഷ വേഗത്തിൽ പ്രതിരോധിക്കുന്ന ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ (ക്യൂ.ആർ.എസ്.എ.എം), അഡ്വൻസ്ഡ് വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം (VSHORADS), ഹൈ പവർ ലേസർ ബേസ്ഡ് ഡയറക്റ്റഡ് എനർജി വെപ്പൺ (DEW) എന്നീ മൂന്ന് പ്രതിരോധ സംവിധാനങ്ങൾ സംയോജിപ്പിച്ച് ബഹുതല വ്യോമപ്രതിരോധ സംവിധാനമായാണ് ഐ.എ.ഡി.ഡബ്ല്യു.എസ് വികസിപ്പിച്ചത്.
മേയ് മാസത്തിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപറേഷൻ സിന്ദൂറിനു പിന്നാലെ ഇന്ത്യയുടെ വിവിധ തല വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത ബോധ്യപ്പെട്ടതാണ്. പാകിസ്താൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെ ഇന്ത്യൻ അതിർത്തിക്കുള്ളിൽ ആകാശത്തുവെച്ചു തന്നെ തകർക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് കഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ‘മൾട്ടി ലെയേർഡ് ഷീൽഡ്’ ഡി.ആർ.ഡി.ഒ സജ്ജമാക്കുന്നത്.
താഴ്ന്നു പറക്കുന്ന ഡ്രോണുകൾ മുതൽ അതിവേഗത്തിൽ പറക്കുന്ന ശത്രുവിമാനങ്ങളും മിസൈലുകളും വരെ നിമഷ വേഗത്തിൽ നിർവീര്യമാക്കാൻ ഐ.എ.ഡി.ഡബ്ല്യു.എസിന് സാധിക്കും.
രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് കരുത്തേകുന്ന ഐ.എ.ഡി.ഡബ്ല്യു.എസ് വികസിപ്പിച്ചെടുത്ത ഡി.ആർ.ഡി.ഒ, സായുധ സേന വിഭാഗങ്ങളെ അഭിനന്ദിക്കുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ശത്രുവിന്റെ ഏതൊരു ആകാശ ആക്രമണത്തെയും നിർവീര്യമാക്കാൻ ശേഷിയുള്ളതാണ് പുതിയ സംവിധാനമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ ഡി.ആർ.ഡി.ഒ സാമൂഹിക മാധ്യമ പേജിൽ പങ്കുവെച്ചു.
‘സുദർശൻ ചക്ര’ എന്ന പേരിൽ ഇന്ത്യ തദ്ദേശീയമായി ഏറ്റവും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കുമെന്ന് സ്വാതന്ത്ര്യദിന പ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. നിർമിത ബുദ്ധിയുടെ സഹായത്തോടെ, രാജ്യത്തിന്റെ കര, ആകാശ, കടൽ നിരീക്ഷണം ശക്തമാക്കി ശത്രുവിന്റെ കടന്നുകയറ്റം തടയുന്ന സുദർശൻ ചക്ര 2035ഓടെ ലക്ഷ്യത്തിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. അതിന്റെ ആദ്യ ചുവടുവെപ്പായാണ് മൾട്ടി ലെയേർഡ് ഐ.എ.ഡി.ഡബ്ല്യൂ.എസ് ഇന്ത്യ വികസിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

