വിദേശ നയം തകർന്നു, നയതന്ത്രപരമായി ഇന്ത്യ ഒറ്റപ്പെടുന്നു -കോൺഗ്രസ്
text_fieldsസുപ്രിയ ശ്രീനേറ്റ്
ന്യൂഡൽഹി: മോദി സർക്കാറിന്റെ വിദേശ നയത്തിന്റെ സമ്പൂർണ തകർച്ചക്കും പരാജയത്തിനും ഇന്ത്യ വലിയ വില നൽകുകയാണെന്ന് കോൺഗ്രസ്. പാക് ഭീകരാക്രമത്തിനെതിരെ ഇന്ത്യക്ക് പിന്തുണയുമായി ഒരു രാജ്യവും മുന്നോട്ടുവന്നില്ലെന്നും നയതന്ത്രപരമായി ഇന്ത്യ ഒറ്റപ്പെടുമ്പോൾ ഐക്യരാഷ്ട്ര സഭ, അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക് തുടങ്ങിയ ബഹുരാഷ്ട്ര ഏജൻസികളിൽ നിന്ന് പാകിസ്താന് പിന്തുണയും സാമ്പത്തിക സഹായവും ലഭിക്കുന്നുവെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് സമൂഹമാധ്യമ ചുമതല വഹിക്കുന്ന സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.
ജി-7 ഉച്ചകോടിക്ക് ഇന്ത്യക്ക് ക്ഷണമില്ല. ഇന്ത്യ കാര്യമായി സ്വാധീനം ചെലുത്തിയിരുന്ന അന്താരാഷ്ട്ര ഏജൻസികൾക്ക് മുന്നിൽ ഇപ്പോൾ കാഴ്ചക്കാരായി മാറി. വിദേശ നയമെന്നാൽ സമൂഹമാധ്യമത്തിൽ ‘റീൽസുകൾ’ ഇടുന്നതല്ല, മറിച്ച് ദേശീയ താൽപര്യം നിലനിർത്തുകയാണ്. പ്രധാനമന്ത്രി 90 രാജ്യങ്ങൾ സന്ദർശിച്ചു. ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുക മാത്രമാണ് അതുകൊണ്ടുണ്ടായ ഗുണം. വെടിനിർത്തലിൽ താൻ ഇടപെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പരസ്യമായി പറഞ്ഞത് 11 തവണയാണ്. എന്നാൽ, ഇതിനെപ്പറ്റി പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല. ഇന്ത്യൻ പ്രതിനിധി സംഘം സന്ദർശിച്ച ഒരു രാജ്യം പോലും ഇന്ത്യയെ അനുകൂലിക്കുകയോ പാകിസ്താനെ അപലപിക്കുകയോ ചെയ്തിട്ടില്ല. പ്രതിനിധി സംഘം ഇന്ത്യൻ എംബസികളിൽ ഘോര പ്രസംഗം നടത്തുന്നതല്ലാതെ ആ രാജ്യങ്ങളിലെ നേതൃത്വത്തെ കാണാൻ കഴിഞ്ഞില്ലെന്നും സുപ്രിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

