ശോഭ മങ്ങി ഇന്ത്യൻ പാസ്പോർട്ട്, ഹെൻലി ഇൻഡക്സിൽ പിന്നോട്ട്, വിസയില്ലാതെ പോകാനാവുന്ന രാജ്യങ്ങളുടെ എണ്ണവും കുറഞ്ഞു
text_fieldsന്യൂഡൽഹി: ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ 85-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യൻ പാസ്പോർട്ട്. വിസയില്ലാതെ സന്ദർശിക്കാനാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ കുറവുവന്നു. ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ 57 രാജ്യങ്ങളാണ് സന്ദർശിക്കാനാവുക. കഴിഞ്ഞ വർഷം ഇത് 59 ആയിരുന്നു.
മുൻവർഷം ഇന്ത്യ സൂചികയിൽ 80-ാം സ്ഥാനത്തായിരുന്നു. 2006ൽ ആണ് ഇന്ത്യ സൂചികയിൽ ഉയർന്ന റാങ്കിലെത്തിയത് (71), 2021ൽ താഴ്ന്ന റാങ്കായ 90ലായിരുന്നു രാജ്യം.
ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹെൻലി ആന്റ് പാർട്ണേഴ്സ് ആണ് ലോകത്തിലെ കരുത്തുള്ള പാസ്പോർട്ടുകളുടെ പട്ടിക പുറത്തിറക്കുന്നത്. വിസ ആവശ്യമില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം അനുസരിച്ച്, ലോകത്തിലെ പാസ്‌പോർട്ടുകളെ എല്ലാവർഷവും പട്ടികപ്പെടുത്തുന്നതാണ് സൂചിക. 227 രാജ്യങ്ങളാണ് പട്ടികയിൽ ആകെ ഉൾപ്പെടുത്തിയത്. യു.എൻ അംഗീകരിച്ച 193 പാസ്പോർട്ടുകളും ആറ് ടെറിട്ടറികളുമാണ് പട്ടികക്കായി പരിഗണിക്കുന്നത്.
മൂന്ന് ഏഷ്യൻ രാജ്യങ്ങളാണ് ഇക്കുറി ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയത്. 193 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ ചെല്ലാൻ കഴിയുന്ന സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമത്. 190 രാജ്യങ്ങളിലേക്ക് വിസ രഹിതമായി എത്താൻ കഴിയുന്ന ദക്ഷിണ കൊറിയയും, 189 രാജ്യങ്ങളിലേക്ക് വിസ രഹിതമായി എത്താൻ കഴിയുന്ന ജപ്പാനും പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
അടിതെറ്റി അമേരിക്ക
ലോകത്തെ ഏറ്റവും ശക്തമായ ആദ്യത്തെ പത്ത് പാസ്പോർട്ടുകളുടെ പട്ടികയിൽ നിന്ന് അമേരിക്ക പുറത്തായി. 20 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ലോകത്തെ ശക്തമായ പാസ്പോർട്ടുകളിൽ ആദ്യ പത്തിൽ നിന്ന് അമേരിക്ക പുറത്താകുന്നത്. നിലവിൽ മലേഷ്യക്കൊപ്പം 12-ാം സ്ഥാനത്താണ് അമേരിക്ക. വിസ രഹിതമായി അമേരിക്കൻ പാസ്പോർട്ട് ഉപയോഗിച്ച് 180 രാജ്യങ്ങളിലേക്കാണ് പോവാനാവുക. 36 രാജ്യങ്ങളാണ് അമേരിക്കൻ പൗരൻമാർക്ക് വിസ രഹിതമായി സഞ്ചരിക്കാനുള്ള അനുമതി നിഷേധിച്ചിട്ടുള്ളത്.
മുന്നേറി യു.എ.ഇയും ചൈനയും പിന്നോട്ടുപോയി ബ്രിട്ടൺ
2025 ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ യു.എ.ഇ വലിയ കുതിച്ചുചാട്ടം നടത്തി. 42ൽ നിന്ന് എട്ടാം സ്ഥാനത്തേക്കാണ് യുഎഇയുടെ കുതിപ്പ്. ചൈനയും സൂചികയിൽ വലിയ മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. 2015ൽ 94-ാം സ്ഥാനത്തുണ്ടായിരുന്ന ചൈന പുതിയ പട്ടികയിൽ 64-ാം സ്ഥാനത്തെത്തി.
പതിവുപോലെ സൂചികയിൽ അഫ്ഗാനിസ്ഥാൻ അവസാന സ്ഥാനത്താണ്. 24 രാജ്യങ്ങളാണ് അഫ്ഗാൻ പാസ്പോർട്ടിന് വിസ രഹിത അനുമതി നൽകുന്നത്. 26 രാജ്യങ്ങളിലേക്ക് വിസ രഹിത എൻട്രിയുമായി സിറിയയാണ് പിന്നിൽ നിന്ന് രണ്ടാംസ്ഥാനത്തുള്ളത്. 29 രാജ്യങ്ങളുമായി 104-ാം സ്ഥാനത്തുള്ള ഇറാഖ് ആണ് പട്ടികയിൽ പിന്നിൽ നിന്ന് മൂന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

