ലജ്ജിപ്പിക്കുന്ന വിവരങ്ങൾ; ലൈംഗികാതിക്രമ കണക്കുകളിൽ പാകിസ്താനുമേൽ ആഞ്ഞടിച്ച് യു.എന്നിൽ ഇന്ത്യ
text_fieldsന്യൂഡൽഹി: 1971മുതൽ പാകിസ്താനിൽ ഉണ്ടായ ലൈംഗികാതിക്രമങ്ങളിൽ യു.എന്നിൽ അപലപിച്ച് ഇന്ത്യ. പാകിസ്താനിലെ പ്രശ്ന ബാധിത മേഖലകളിൽ സ്ത്രീകളും ന്യൂന പക്ഷങ്ങളും ഇപ്പോഴും ലൈംഗികാതിക്രമങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യൻ പ്രതിനിധി എൽദോസ് മാത്യു പുന്നൂസ് പറഞ്ഞു. 1971ലെ ബംഗാൾ വിമോചന കാലത്ത് തുടങ്ങിയ അതിക്രമങ്ങൾക്ക് ഇപ്പോഴും അവസാനമായില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
യു.എൻ സുരക്ഷാ കൗൺസിലിന്‍റെ കലാപമേഖലയിലെ ലൈംഗികാതിക്രമത്തെ സംബന്ധിച്ചുള്ള തുറന്ന സംവാദത്തിലാണ് വിമർശനം. പാകിസ്താന്‍റെ സൈന്യം 1971 മുതൽ ബംഗ്ലാദേശ് ജനതക്കുമേൽ നടത്തി വരുന്ന ക്രൂരതയാണ് യു.എന്നിൽ സംസാരിച്ചത്. സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടു പോയി നിർബന്ധിത മത പരിവർത്തനവും ലൈെഗികാതിക്രമവും നടത്തി മത വംശീയ ന്യൂന പക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് യു.എൻ മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് എൽദോസ് ആരോപിച്ചു.
യാഥാസ്ഥിതിക രാഷ്ട്രത്തിന്‍റെ നീതിന്യായ സംവിധാനവും ഇത്തരം അതിക്രമങ്ങളെ സാധൂകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണ് നീതിയുടെ ചാമ്പ്യൻമാരായി വേഷമിടുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഇത് പാകിസ്താന്‍റെ ഇരട്ടത്താപ്പും കാപഠ്യവുമാണ് പുറത്തുകൊണ്ടു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂന പക്ഷങ്ങൾക്കു നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ ഒരു സമൂഹത്തിനെ മുഴുവൻ മുറിവേൽപ്പിക്കുമെന്നും അതിനാൽ അതിലേർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നതിന് ഇരകൾക്ക് പിന്തുണ നൽകുന്നതിനൊപ്പം ലൈംഗികാതിക്രമം നടത്തുന്ന കുറ്റവാളികൾക്ക് ശിക്ഷ നൽകുകയും ചെയ്യണമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തരമായും ആഗോള സമാധാന പരിപാലന ശ്രമങ്ങൾക്കുള്ള സംഭാവനകളിലൂടെയും ലിംഗാധിഷ്ഠിത അക്രമത്തെ ചെറുക്കുന്നതിനുള്ള ഇന്ത്യയുടെ സംരംഭങ്ങളെക്കുറിച്ചും ഇന്ത്യൻ പ്രതിനിധി പരാമർശിച്ചു. ലൈംഗിക ചൂഷണത്തിന് ഇരയായവർക്കായുള്ള യു.എൻ സെക്രട്ടറി ജനറലിന്റെ ട്രസ്റ്റ് ഫണ്ടിനെ പിന്തുണച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

