യു.എസിൽനിന്ന് എൽ.പി.ജി ഇറക്കുമതി ചെയ്യാൻ ഇന്ത്യ; 2.2 മെട്രിക് ടൺ വാങ്ങാൻ കരാറായി
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: യു.എസിൽനിന്ന് എൽ.പി.ജി ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചു. എണ്ണക്കമ്പനികളുമായി ചർച്ചനടത്തിയെന്നും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഒരു തീരുമാനമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. 2026ൽ ഏകദേശം 2.2 മെട്രിക് ടൺ എൽ.പി.ജി യു.എസിൽനിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് വിവരം. രാജ്യത്തെ വാർഷിക എൽ.പി.ജി ഇറക്കുമതിയുടെ 10 ശതമാനം വരുമിത്.
യു.എസിന്റെ ഗൾഫ് കോസ്റ്റ് വഴിയായിരിക്കും ഇന്ത്യയിലേക്ക് എൽ.പി.ജി ഇറക്കുമതി ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്താൻ പെട്രോളിയം എന്നീ കമ്പനികൾ അമേരിക്കൻ എണ്ണക്കമ്പനികളുമായി ചർച്ചനടത്തിയെന്നാണ് വിവരം. ഇന്ത്യൻ വിപണിയിലേക്കുള്ള യു.എസ് എൽ.പി.ജിയുടെ ആദ്യ കരാറാണിതെന്നും സുപ്രധാന മാറ്റങ്ങൾക്ക് ഇത് വഴിവെക്കുമെന്നും മന്ത്രി പറഞ്ഞു.
“ചരിത്രത്തിലാദ്യം. സുരക്ഷിതമായും താങ്ങാനാകുന്ന വിലയിലും ഇന്ത്യക്കാർക്ക് എൽ.പി.ജി വിതരണം ചെയ്യാനുള്ള ശ്രമമാണ്. ഇതിന്റെ ഭാഗമായാണ് കൂടുതൽ രാജ്യങ്ങളിൽനിന്ന് എൽ.പി.ജി വാങ്ങുന്നത്. ഇതൊരു സുപ്രധാന ചുവടുവെപ്പാണ്” -ഹർദീപ് സിങ് പുരി എക്സിൽ കുറിച്ചു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എൽ.പി.ജി ഉപഭോക്താവാണ് ഇന്ത്യ. ഇതിൽ 50 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഭൂരിഭാഗവും പശ്ചിമേഷ്യൻ വിപണികളിൽ നിന്നാണ്.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എണ്ണ ഇറക്കുമതി കരാറിൽ ഒപ്പുവെച്ചത്. ഊർജമേഖലയിലെ സഹകരണമായിരുന്നു വ്യാപാരക്കരാറിൽ മുഖ്യമായും അമേരിക്ക ഉയർത്തിയിരുന്ന ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ തീരുമാനമെടുക്കാത്തതിനെത്തുടർന്ന് ഇന്ത്യക്കുമേൽ തീരുവ ഏർപ്പെടുത്തുന്ന സാഹചര്യം ഉണ്ടായി. തുടർന്ന്, റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി കുറച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

