തെരുവ്നായ പ്രശ്നം: സത്യവാങ്മൂലം സമർപ്പിക്കാത്ത സർക്കാറുകളെ വിമർശിച്ച് സുപ്രീംകോടതി, ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: തെരുവ്നായ പ്രശ്നത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പശ്ചിമബംഗാളും തെലങ്കാനയുമൊഴികെ മറ്റൊരു സംസ്ഥാനവും തെരുവ്നായ വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നില്ല. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
തെരുവ്നായകളുടെ വന്ധ്യംകരണത്തിനായി സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടാണ് കോടതി സത്യവാങ്മുലം സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, കോടതി നിർദേശം അനുസരിക്കാത്തതിൽ ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി അൻജാരിയ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി.
തെരുവ്നായ് ആക്രമണങ്ങൾ വിദേശരാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയുടെ അന്തസ്സിന് വലിയ ക്ഷതമേൽപ്പിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. നിരന്തരമായി തെരുവുനായ് ആക്രമണങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് ജസ്റ്റിസ് നാഥ് വ്യക്തമാക്കി. പശ്ചിമബംഗാളും തെലങ്കാനയും ഡൽഹി മുൻസിപാലിറ്റിയും മാത്രമാണ് ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിച്ചത്. മറ്റാരും ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിച്ചിരുന്നില്ല. തുടർന്ന് സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാരോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകി. നവംബർ മൂന്നിന് ഹാജരാകണമെന്നാണ് നിർദേശം.
നേരത്തെ ഡൽഹിയിലെ തെരുവുനായ പ്രശ്നത്തിൽ രണ്ടംഗ ബെഞ്ചിന്റെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. തെരുവിൽ നിന്ന് പിടികൂടുന്ന നായകളെ ഷെൽറ്റർ ഹോമിലേക്ക് മാറ്റണമെന്നും പിന്നീട് പുറത്ത് വിടരുതെന്നുമായിരുന്നു സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി. ഇതാണ് കോടതി സ്റ്റേ ചെയ്തത്.
ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി അൻജാരിയ എന്നിവരുൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. ഡൽഹിയിലെ തെരുവുകളിൽ നിന്ന് പിടികൂടുന്ന നായകളെ വന്ധ്യംകരണം നടത്തി തിരികെ വിടണമെന്നാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്. റാബീസ് ബാധയുള്ളവ, റാബീസിന് സാധ്യതയുള്ള നായ്കൾ, അക്രമണ സ്വഭാവമുള്ളവ എന്നിവയെ പുറത്തുവിടരുതെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

