ഇന്ത്യ - റഷ്യ പാർലമെന്ററി സഹകരണം ശക്തിപ്പെടുത്താൻ ധാരണ
text_fieldsന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയും റഷ്യൻ സ്റ്റേറ്റ് ഡൂമ ചെയർമാൻ വ്യാസെസ്ലാവ് വൊളോദിനും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യ-റഷ്യ സൗഹൃദവും പാർലമെന്ററി സഹകരണവും കൂടുതൽ ശക്തിപ്പെടുത്താൻ ധാരണ.
ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്ത ബന്ധങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞ ഓം ബിർള ഇന്ത്യൻ പാർലമെന്റും റഷ്യൻ പാർലമെന്റും തമ്മിലുള്ള ഇന്റർ-പാർലമെന്ററി കമ്മീഷന്റെ അടുത്ത യോഗം സംഘടിപ്പിക്കുന്നത് പരിഗണിക്കണമെന്നും നിർദേശിച്ചു.
ബ്രിക്സ് രാജ്യങ്ങളിലെ പാർലമെന്റുകൾ തമ്മിലുള്ള അടുത്ത സഹകരണം ആഗോള വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിനും വികസ്വര രാജ്യങ്ങളുടെ പൊതുതാൽപര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ ചെറുക്കാൻ അന്തർദേശീയ സഹകരണവും സംയുക്ത ശ്രമങ്ങളും അനിവാര്യമാണെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിന്റെ പരിഷ്കാരത്തിനും ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനും റഷ്യ നൽകുന്ന പിന്തുണക്കും ഓം ബിർള നന്ദി രേഖപ്പെടുത്തി. വ്യാപാരം, ശാസ്ത്ര-സാങ്കേതികവിദ്യ, കൃഷി, വ്യവസായം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടുതൽ വികസിപ്പിക്കാനുള്ള സാധ്യതകളും ചർച്ചയിൽ ഉയർന്നുവന്നു.

