ഫ്ലൈദുബൈ അട്ടിമറി; വിമാന സുരക്ഷാ പ്രോട്ടോകോളുകൾ പുനഃപരിശോധിക്കാൻ ഇന്ത്യ
text_fieldsന്യൂഡൽഹി: ഫ്ലൈദുബൈ വിമാനത്തിനുള്ളിലുണ്ടായ കോക്പിറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വ്യോമയാന മേഖലകളിലെ സുരക്ഷാ പ്രോട്ടോകോളുകൾ പുനഃപരിശോധിക്കാനൊരുങ്ങി ഇന്ത്യ. വിമാനത്തിനുള്ളിലെ സുരക്ഷാ സംവിധാനങ്ങളും ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും വിലയിരുത്തുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി. ‘ഈ വിഷയം പരിശോധിച്ചുവരികയാണ്. എന്തെങ്കിലും നിർദേശം ആവശ്യമുണ്ടെങ്കിൽ ഉന്നത അധികാരികളെ അറിയിക്കും’ സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ സിൻഹ വ്യക്തമാക്കി.
പുനഃപരിശോധനയുടെ ഭാഗമായി ജീവനക്കാരുടെ സൈക്കോമെട്രിക് പരിശോധനകളും സെൻസിറ്റീവ് റൂട്ടുകളിൽ സ്കൈ മാർഷലുകളുടെ വിന്യാസവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വ്യോമയാന സുരക്ഷയുടെ ചുമതലയുള്ള വിമാനക്കമ്പനികൾ, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്), നാഷനൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി), ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്), ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) തുടങ്ങിയ ഏജൻസികളുടെ തയ്യാറെടുപ്പും ഏകോപനവും അധികൃതർ വിലയിരുത്തിയേക്കും. ഇത്തരം ആക്രമണങ്ങൾ നേരിടാൻ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണോയെന്നും പരിശോധനയിൽ വിലയിരുത്തുമെന്നാണ് പ്രതീക്ഷ.
സെപ്റ്റംബർ 30ന് ദുബൈയിൽ നിന്ന് തെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബൈ FZ1073 വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിൽ 174 പേരുണ്ടായിരുന്നു. യാത്രക്കിടെ കോക്പിറ്റിൽ ക്യാപ്റ്റനും സഹപൈലറ്റും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സഹപൈലറ്റ് മച്ചാറിനെ ആക്രമിച്ചതിനെ തുടർന്ന് വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം ഏകദേശം 34,000 അടി ഉയരത്തിൽ സഞ്ചരിച്ചിരുന്ന വിമാനം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ 14,000 അടിയിലധികം താഴേക്ക് പോയി.
ഗുരുതരമായി പരിക്കേറ്റ മച്ചാർ കോക്പിറ്റ് വാതിൽ തുറന്നതോടെ യാത്രക്കാരും ജീവനക്കാരും അകത്തേക്ക് കടന്നു. ആക്രമണം നടത്തിയതായി ആരോപിക്കപ്പെടുന്ന സഹപൈലറ്റിനെ കീഴടക്കിയ ശേഷം വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ഫ്ലൈദുബായ് ക്രൂ വിമാനം നിയന്ത്രണത്തിലാക്കി. തുടർന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

