ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത പാക് സൈനിക ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിട്ട് ഇന്ത്യ
text_fieldsന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത പാക് സൈനിക ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പേരുവിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യ.
ലാഹോർ IV സൈനിക കോർപ്സിന്റെ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഫയ്യാസ് ഹുസൈൻ ഷാ, ലാഹോർ 11-ാം ഇൻഫന്ററി ഡിവിഷൻ മേജർ ജനറൽ റാവു ഇമ്രാൻ സർതാജ്, ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ ഷബ്ബീർ, പഞ്ചാബ് പൊലീസ് ഐ.ജി ഡോ. ഉസ്മാൻ അൻവർ, പഞ്ചാബ് പ്രവിശ്യാ അസംബ്ലി അംഗം മാലിക് സൊഹൈബ് അഹമ്മദ് ഭേർത്ത് എന്നിവർ പങ്കെടുത്തതായാണ് ഇന്ത്യ വെളിപ്പെടുത്തിയത്.
ഖാരി അബ്ദുൽ മാലിക്, ഖാലിദ്, മുദസ്സിർ എന്നീ ഭീകരരുടെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. നരോവല്‍ ജില്ലയിലെ മുരിദ്കെയിലെ മര്‍കസ് തൈബക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ലശ്കറെ ഭീകരനായ ഹാഫിസ് അബ്ദുൽ റൗഫാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ഏപ്രിൽ 22നുണ്ടായ പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായി, ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി മേയ് ഏഴിനാണ് ഇന്ത്യ ഭീകരകേന്ദ്രം ആക്രമിച്ചത്. പാകിസ്താനിലെയും പാക് അധീന കാശ്‌മീരിലെയും ഭീകര ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു.
ഭീകരരുടെ സംസ്കാരത്തിന് സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്തതിനെ ഇന്ത്യ രൂക്ഷമായി വിമർശിച്ചിരുന്നു. ഭീകരർക്ക് ഔദ്യോഗിക ബഹുമതി നൽകുകയാണ് ചെയ്തതതെന്നും ഇത് പാകിസ്താനിൽ ഒരു പതിവായി മാറിയെന്നും ഇന്ത്യ വിമർശിച്ചിരുന്നു.
അതേസമയം, ഇന്ത്യയും പാകിസ്താനും പ്രഖ്യാപിച്ച വെടിനിർത്തലിന്റെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളുടെയും സൈനിക നീക്കങ്ങളുടെ മേൽനോട്ടവും ഏകോപനവും നിർവഹിക്കുന്ന ഡി.ജി.എം.ഒമാർ (ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപറേഷൻസ്) തിങ്കളാഴ്ച യോഗം ചേരും. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പ്രാബല്യത്തിൽവന്ന വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോഴാണ് കേന്ദ്ര വിദേശ സെക്രട്ടറി വിക്രം മിസ്രി തിങ്കളാഴ്ച ഉച്ചക്ക് 12ന് യോഗം ചേരുമെന്നറിയിച്ചത്. ലഫ്. ജനറൽ രാജീവ് ഗായിയും പാകിസ്താന്‍റെ മേജർ ജനറൽ കാശിഫ് ചൗധരിയും തമ്മിലാണ് ചർച്ച. വെടിനിർത്തൽ ധാരണ തുടരുന്നതടക്കമുള്ള തുടർ നടപടികൾ യോഗത്തിൽ ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

