അജിത് ഡോവലിനെതിരായ യു.എസ് സമൻസ് തള്ളി ഇന്ത്യ; അടിസ്ഥാനരഹിതമായ കേസുകൾ പരിഗണിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം
text_fieldsമുംബൈ: ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് നൽകിയ സിവിൽ കേസുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുൻ റോ മേധാവി സാമന്ത് ഗോയൽ എന്നിവർക്കെതിരെ അമേരിക്കൻ കോടതി പുറപ്പെടുവിച്ച സമൻസുകൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി നിഷേധിച്ചു. ഡൽഹിയിലെ കോടതികൾ വഴി സമൻസുകൾ കൈമാറാൻ യു.എസ് കോടതി ഉത്തരവിട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവേ, 'ഇത്തരം അടിസ്ഥാനരഹിതമായ വ്യവഹാരങ്ങളെ ഞങ്ങൾ പൂർണമായും തള്ളിക്കളയുന്നു' എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. തുടക്കത്തിൽ സമൻസ് കൈമാറാനുള്ള നീക്കം ഇന്ത്യ നിരസിച്ചതിനെത്തുടർന്നാണ് യു.എസ് ജില്ലാ കോടതി ബദൽ മാർഗങ്ങൾ തേടിയത്.
സിഖ്സ് ഫോർ ജസ്റ്റിസ് സ്ഥാപകൻ ഗുർപത്വന്ത് സിങ് പന്നൂൻ ഫയൽ ചെയ്ത സിവിൽ കേസിലാണ് ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി കാതറിൻ പോൾക്ക് ഫെയ്‌ല ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഡൽഹിയിലെ പട്യാല ഹൗസ്, ദ്വാരക, തീസ് ഹസാരി എന്നീ മൂന്ന് ജില്ലാ കോടതികൾ വഴി ഡോവലിനും ഗോയലിനും നിയമരേഖകൾ കൈമാറാനാണ് യു.എസ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി അന്താരാഷ്ട്ര തപാൽ വഴിയോ കൊറിയർ വഴിയോ രേഖകൾ അയക്കാൻ കോടതി ക്ലർക്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹേഗ് കൺവെൻഷൻ പ്രകാരം ഇന്ത്യയുടെ കേന്ദ്ര അതോറിറ്റി വഴി സമൻസ് കൈമാറാൻ നേരത്തെ ശ്രമിച്ചിരുന്നെങ്കിലും ഇന്ത്യ അത് നിരസിച്ചതായി യു.എസ് കോടതി ഉത്തരവിൽ പറയുന്നു. തുടർന്നാണ് ഹേഗ് കൺവെൻഷനിലെ ആർട്ടിക്കിൾ 19 പ്രകാരവും ഇന്ത്യയുടെ സിവിൽ പ്രൊസീജ്യർ കോഡ് പ്രകാരവും ബദൽ മാർഗങ്ങളിലൂടെ നോട്ടീസ് കൈമാറാൻ കോടതി അനുമതി നൽകിയത്. തങ്ങളുടെ പരിഗണനയിലുള്ള ഈ സിവിൽ കേസിൽ പ്രതികൾക്ക് നോട്ടീസ് കൈമാറുന്നതിന് ഇന്ത്യൻ കോടതികളുടെ സഹായം അഭ്യർത്ഥിക്കുന്നുവെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഈ സമൻസുകൾക്ക് നിയമപരമായ ബാധ്യതയില്ലെന്നും, ഇതൊരു സാധാരണ നടപടിക്രമം മാത്രമാണെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. നേരത്തെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇന്ത്യൻ എംബസി വഴി സമൻസ് കൈമാറിയിരുന്നെങ്കിലും ഈ വിഷയത്തിൽ തങ്ങൾക്ക് പ്രത്യേക നിലപാടുകളൊന്നുമില്ലെന്ന് അവർ വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ കോടതികളിൽ ഇന്ത്യൻ നേതാക്കൾക്കെതിരെ സിഖ്സ് ഫോർ ജസ്റ്റിസ് ഇത്തരം സിവിൽ കേസുകൾ ഫയൽ ചെയ്യുന്നത് ഇതാദ്യമായല്ല. 2013-ൽ, 1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ഇതേ സംഘടന നൽകിയ കേസിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെതിരെയും യു.എസ് കോടതിയിൽ നിന്ന് സമാനമായ രീതിയിൽ സിവിൽ സമൻസ് പുറപ്പെടുവിച്ചിരുന്നു.

