ഇന്ത്യയിൽ ആശങ്കയുയർത്തി കോവിഡ്; 24 മണിക്കൂറിനിടെ 5611 പുതിയ രോഗികൾ
text_fieldsന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 5611 കോവിഡ് കേസുകൾ. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷം ആദ്യമായാണ് ഇത്രയേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ആകെ രോഗബാധിതരുടെ എണ്ണം 1,06,750 ആയി. ഇതോടെ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ള രാജ്യമായി ഇന്ത്യ മാറി.
തുടർച്ചയായ രണ്ടാം ദിവസമാണ് കോവിഡ് പോസിറ്റീവായവരുടെ എണ്ണം 5000 കടക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുെട എണ്ണം 3303 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 140 പേരാണ് മരിച്ചത്. രോഗമുക്തി നിരക്ക് 39.2 ശതമാനമാണ്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 37,136 പേരാണ് ഇവിടെ രോഗബാധിതർ. മഹാരാഷ്ട്ര കഴിഞ്ഞാൽ തമിഴ്നാട്ടിലാണ് കോവിഡ് രോഗികൾ കൂടുതൽ. ഇവിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,448 ആയി. ഗുജറാത്താണ് തൊട്ടുപിറകിൽ. 11,745 പേർക്കാണ് ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 10,554 പേർ കോവിഡ് ബാധിതരാണ്.
